നമ്പി നാരായണനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ മകളെ കണ്മുന്നില് വെച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ ഫൗസിയ ഹസന്
ന്യൂഡൽഹി : ഐ.എസ്.ആര്.ഒ ചാരക്കേസിലെ ജയിന് സമിതി റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറുമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ നഷ്ടപരിഹാരത്തിനുള്ള ആവശ്യം വീണ്ടുമുന്നയിച്ച് ഫൗസിയ ഹസന്. കേസില്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിക്കപ്പെട്ടവരിലൊരാളാണ് ഫൗസിയ ഹസന്.
നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച റിട്ട. ജസ്റ്റിസ് ഡി.കെ ജയിന് സമിതി റിപ്പോര്‍ട്ട് സി.ബി.ഐയ്ക്ക് കൈമാറുമെന്ന് കഴിഞ്ഞ ദിവസമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് ഫൗസിയ ഹസന് കസ്റ്റഡിയില്‍ വെച്ച് താന്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് ഒരിക്കല്‍ കൂടി തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.
അന്ന് രമണ്‍ ശ്രീവാസ്തവ കാണാന്‍ വന്നിരുന്നു. അദ്ദേഹം പറയുന്നത് പോലെ പറയാന്‍ പറഞ്ഞു. നമ്പി നാരായണനും ശശി കുമാറുമായി ബന്ധമുണ്ടെന്ന് പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. താന്‍ ഡോളര്‍ നല്കിയപ്പോള് ഐ.എസ്.ആര്.ഒ ഉദ്യോഗസ്ഥര്‍ രഹസ്യങ്ങള്‍ കൈമാറിയെന്ന് പറയാന്‍ ആവശ്യപ്പെട്ടു.
അവര്‍ എന്നെ ക്രൂരമായി അടിച്ചു. ദിവസങ്ങളോളം അവര്‍ രാത്രി എന്നെ ഉറങ്ങാതെ നിര്‍ത്തി. എന്റെ മാറിലും ജനനേന്ദ്രിയത്തിലും പരുക്കേല്‍പ്പിച്ചു. ഷൂസിട്ട് എന്റെ കാലിലും മുഖത്തും ചവിട്ടി. വിരലുകള്‍ക്കിടിയില്‍ പേനകള്‍ വെച്ച് ഞെരിച്ചു.
മംഗലാപുരത്ത് പഠിക്കുകയായിരുന്ന മകളെ കസ്റ്റഡിയിലേക്ക് കൊണ്ടുവരുമെന്നും എന്റെ മുന്പില് വെച്ച് അവളെ ലൈംഗികമായി പീഡിപ്പിക്കുമെന്നും പറഞ്ഞു. അങ്ങനെ എനിക്ക് വ്യാജമൊഴി നല്‍കേണ്ടി വന്നു. ക്യാമറയ്ക്ക് മുന്പില് വെച്ചായിരുന്നു മൊഴിയെടുത്തതെന്നും ഫൗസിയ ഹസന് പറഞ്ഞു.
തന്റെ കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വെച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി.
നഷ്ടപരിഹാരം നല്കിയാല് ഞാന്‍ സ്വീകരിക്കും. ചികിത്സകള്‍ക്കായി തനിക്ക് ഇപ്പോള്‍ ഒരുപാട് പണം ചെലവാകുന്നുണ്ടെന്നും ഫൗസിയ കൂട്ടിച്ചേര്‍ത്തു.