കേന്ദ്രവും കേരളവും കൈകോർത്തപ്പോൾ പെരിയയില്‍ വൈറോളജി ലാബ് റെഡിയായി
കാസർകോട് :പെരിയ കേന്ദ്ര സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ സ്വതന്ത്ര വൈറോളജി ലാബിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നു. സിവില്‍ പ്രവൃത്തി ഏതാണ്ട് തീര്‍ന്നു. മെഷിനറികള്‍ സ്ഥാപിച്ചാല്‍ ലാബ് പ്രവര്‍ത്തനക്ഷമമാക്കാം.1800 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് കെട്ടിടം. കുറച്ചു കൂടി വിശാലമാക്കിയാണ് നിര്‍മാണം. സിവില്‍ വര്‍ക്കിന് 15 ലക്ഷം രൂപയാണ് ചെലവ്. ലാബിനാവശ്യമായ തുക നാഷണല്‍ ഹെല്‍ത്ത് മിഷനാണ് നല്‍കുന്നത്.
ആര്‍ടിപിസിആര്‍ മെഷീന് 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപവരെയുണ്ട്. ഇത്തരത്തിലുള്ള രണ്ട് മെഷീന് ഉണ്ടെങ്കില്‍ പരിശോധന എളുപ്പമാകും. ലാബ് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ചുമതലയിലാവുന്നതോടെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും രോഗനിര്‍ണയം സാധ്യമാകും. കെട്ടിടം കേന്ദ്ര സര്‍വകലാശാലയുടെ പ്രധാന അക്കാദമിക് സമുച്ചയത്തില്‍നിന്ന് അകലെയായതിനാല്‍ ആശങ്കയുടെ ആവശ്യമില്ല.
കോവിഡ് ഫലം ?5 മണിക്കൂറിനുള്ളില്‍
ഈ ലാബില്‍നിന്ന് നാലുമുതല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം അറിയാം. കോവിഡിനു പുറമെ ചിക്കുന്‍ഗുനിയ, ഡങ്കിപ്പനി, കുരങ്ങുപനി തുടങ്ങി വൈറസ് മുഖേന പടരുന്ന മറ്റു രോഗങ്ങളും കണ്ടുപിടിക്കാം. ക്യാന്‍സര്‍ രോഗങ്ങളും അതുവഴിയുണ്ടാകുന്ന ജനിതകമാറ്റങ്ങളും കണ്ടെത്താനുള്ള സൗകര്യവുമുണ്ടാക്കാനാവും.
ശരീരത്തിലെ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിനാണ് ആര്‍ടിപിസിആര്‍ (റിയല്‍ ടൈം – റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ പോളിമെറൈസ് ചെയിന്‍ റിയാക്ഷന് ടെസ്റ്റ്) ടെസ്റ്റ് നടത്തുന്നത്. വൈറസിന്റെ ജനിതകം വേര്‍തിരിച്ചെടുക്കുകയാണ് ആദ്യം ചെയ്യുക. ഡിഎന്‍എ, ആര്‍എന്‍എ എന്നിവ വേര്‍തിരിച്ച ശേഷമാണ് കിറ്റ് വെച്ച് ടെസ്റ്റ് ചെയ്യുന്നത്. ബയോപ്സി സാമ്പിളുകളില്‍നിന്ന് ലഭിക്കുന്ന ജീനുകളില്‍നിന്ന് ജനിതകം വേര്‍തിരിച്ചാണ് ക്യാന്‍സര്‍ രോഗനിര്‍ണയം നടത്തുന്നത്. സിറോളജി പരിശോധന, എലൈസ പരിശോധന എന്നിവയും ഇവിടെ ചെയ്യാനാവും. രോഗലക്ഷണം കാണിക്കാതെ രോഗം വന്നു പോകുന്നവരെ കണ്ടെത്താനുള്‍പ്പെടെ എലൈസ ടെസ്റ്റ് ഉപകാരപ്പെടും.
ഒരു ലക്ഷം കോവിഡ് ടെസ്റ്റ്
കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികളുടെ മോളിക്യുലാര്‍ ബയോളജി ലാബിലാണ് ഇപ്പോള്‍ കോവിഡ് പരിശോധന നടക്കുന്നത്.ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷത്തിനടുത്ത് ടെസ്റ്റ് നടത്തി. കേന്ദ്ര സര്‍വകലാശാല ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി ലാബിന്റെ ചുമതല വഹിക്കുന്ന ഡോ. രാജേന്ദ്രന് പിലാങ്കട്ടയാണ് നേതൃത്വം നല്‍കുന്നത്. നേരത്തേ പുണെയിലെയും ആലപ്പുഴയിലെയും വൈറോളജി ലാബിലുമായിരുന്നു ഡെങ്കി, കോവിഡ് പരിശോധന നടത്തിയിരുന്നത്.
കോവിഡ് വ്യാപകമായപ്പോഴാണ് കേന്ദ്രസര്‍വകലാശാലയിലെ ലാബ് വൈറസ് പരിശോധനയ്ക്കായി ഉപയോഗിച്ചുതുടങ്ങിയത്. സ്വതന്ത്ര കോവിഡ്-19 പരിശോധനാ ലാബ് സ്ഥാപിക്കുന്നതിന് സര്‍വകലാശാലയും സംസ്ഥാന ആരോഗ്യവകുപ്പും ധാരണാപത്രം ഒപ്പുവച്ചതോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ലാബ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് വിട്ടുകൊടുക്കേണ്ടി വരുന്നതിനാലാണ് സ്വതന്ത്ര ലാബ് എന്ന ആശയമുണ്ടായത്.
മെഷിനറി വേണം
കേന്ദ്രസര്‍വകലാശാലയില്‍ പുതുതായി അനുവദിച്ച ആര്‍ടിപിസിആര്‍ മെഷിനറിക്കു പുറമേ ഒന്നുകൂടി അനുവദിച്ചാലേ വര്‍ധിച്ചുവരുന്ന ആവശ്യം നിര്‍വഹിക്കാനാവൂ. നേരത്തേയുള്ള മെഷിനറി ജര്‍മന്‍ കിറ്റുകള്‍ക്ക് അനുയോജ്യമായതാണ്. ഒരു കിറ്റിന് നാനൂറു രൂപയിലധികം വിലവരും. കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ കിറ്റുകള്‍ നാല്പതോ അമ്പതോ രൂപയ്ക്ക് ലഭിക്കുന്നുണ്ട്. അതിനനുയോജ്യമായ മെഷിന് ഒന്നേ ഉള്ളൂ. ഒരു റോബോട്ടിക് മെഷീന്‍കൂടി അനുവദിച്ചിട്ടുണ്ട്. ജനിതകം വേര്‍തിരിക്കല്‍ തുടങ്ങിയ പ്രാഥമിക പരിശോധകള്‍ അതുവഴി സാധ്യമാകും.
ലാബില്‍ മുഴുവന്‍ സമയവും വൈദ്യുതി ആവശ്യമുള്ളതിനാല്‍ ഡീസല്‍ ജനറേറ്റര്‍ അത്യാവശ്യമാണ്. സര്‍വകലാശാലയിലുള്ള രണ്ടു ജനറേറ്ററുകളില്‍ ഒന്ന് ഉപയോഗിക്കാം. കേബിള്‍ വഴി ലാബിലേക്ക് വൈദ്യുതി എത്തിക്കാന്‍ രണ്ടര ലക്ഷം രൂപ വേണം. ഉപകരണങ്ങളുള്‍പ്പെടെ അഞ്ചു ലക്ഷം രൂപ മതിയാകും. എംപി, എംഎല്‍എ ഫണ്ടുവഴി ഇത്രയും തുക ലഭ്യമാക്കാനാവും.
സ്ഥിരം ജീവനക്കാര്‍ വേണം
എംഎല്‍ടി പിജി വിദ്യാര്‍ഥികളും താല്‍ക്കാലികമായി നിയമിക്കപ്പെട്ടവരുമാണ് നിലവില്‍ ലാബ് നടത്തുന്നത്. ആവശ്യമായ ജീവനക്കാരെ സ്ഥിരമായി നിയമിക്കണം.
വ്യവസായ സംരംഭങ്ങള്‍ക്കും സാധ്യത
സര്‍വകലാശാലയുടെ അക്കാദമിക് പുരോഗതിക്കൊപ്പം ഡയഗ്നോസിസ് സര്‍വീസും ഇവിടെ ലഭ്യമാകും. വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും പരിശീലന കേന്ദ്രമായും മാറ്റാം. ബിഎസ് സിഎംഎല്‍ടി കഴിഞ്ഞവര്ക്കുള്പ്പെടെ പ്രായോഗിക പരിജ്ഞാനത്തിന് സൗകര്യം ഇല്ലെന്ന പരാതിക്ക് പരിഹാരമാകും. വിവിധ തരം പരിശോധന നടക്കുന്നതിനാല്‍ ട്രെയിനിങ് സെന്ററായും ഉപയോഗിക്കാം. മോളിക്യുലാര്‍ ഡയഗ്നോസിസില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്കും സാധ്യതയുണ്ട്. കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്ന മൂല്യവും ഉദ്യോഗാര്‍ഥിക്ക് ഗുണകരമാകും. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മോളിക്യുലാര്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം തുടങ്ങാവുന്നതാണ്. സ്പെഷ്യല്‍ ട്രെയിനിങ് ക്ലാസുകളും നടത്താം. സ്വകാര്യ സംരംഭകര്‍ക്ക് വ്യവസായങ്ങള്‍ തുടങ്ങാനും ലാബിനെ അടിസ്ഥാനമാക്കാം.