ഫലം വരുന്നതിന് മുമ്പേ ബാലകൃഷ്ണന് പെരിയയുംകെ പി കുഞ്ഞിക്കണ്ണനും അടി തുടങ്ങി അന്ധാളിച്ച് യു ഡി എഫ് വാര്‍ത്തയുമായി സിപിഎം മുഖപത്രം
കാസര്‍കോട്:നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഉദുമയില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയ മുതിര്‍ന്ന നേതാവ് കെ പി കുഞ്ഞിക്കണ്ണനെതിരെ തിരിഞ്ഞതായി പുറത്തുവന്നു. കുഞ്ഞിക്കണ്ണനെ ഫോണിലൂടെ അപമാനിച്ചതായാണ് ആക്ഷേപം. കുഞ്ഞിക്കണ്ണന് ഇതുസംബന്ധിച്ച് കെപിസിസിക്ക് പരാതി നല്‍കിയതായും അറിയുന്നു. ഉദുമയില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോഴുണ്ടായ നിരാശയില്‍ നിന്നാണ് ബാലകൃഷ്ണന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ആക്ഷേപവുമായി വന്നതെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ഒരു സമുദായത്തിന്റെ വോട്ട് തനിക്ക് ലഭിക്കാതിരിക്കാന്‍ കുഞ്ഞിക്കണ്ണന് പ്രവര്‍ത്തിച്ചുവെന്നാണ് ബാലകൃഷ്ണന്റെ ആരോപണം. നേരത്തെയൊരിക്കല്‍ ഉദുമയില്‍ ജയിച്ചയാളാണ് കുഞ്ഞിക്കണ്ണന്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് അദ്ദേഹം ഇത്തവണ ഉദുമയിലുണ്ടായിരുന്നില്ല. ഒരു സമുദായത്തിന്റെ വോട്ട് ലഭിക്കാതിരിക്കാനാണ് മാറി നിന്നതെന്നാണ് ബാലകൃഷ്ണന് പെരിയ ആരോപിക്കുന്നത്.
വട്ടിയൂര്‍കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. വീണ എസ് നായര്‍ കുഞ്ഞിക്കണ്ണന്റെ മകന്റെ ഭാര്യയാണ്. മണ്ഡലത്തില്‍ യുഡിഎഫിന്റെ ദുര്‍ബലത കണക്കിലെടുത്ത് വട്ടിയൂര്‍കാവില്‍ പ്രവര്‍ത്തിക്കാന്‍ കെപിസിസി കുഞ്ഞിക്കണ്ണനോട് ആവശ്യപ്പെട്ടതിനാലാണ് അങ്ങോട്ടു മാറിയതെന്നാണ് കുഞ്ഞിക്കണ്ണനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
ബാലകൃഷ്ണന് പെരിയയെ ഉദുമയില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ ഡിസിസിക്കടക്കം എതിര്‍പ്പുണ്ടായിരുന്നു. തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്കിയതും ജില്ലാ നേതൃത്വത്തോട് ആരായാതെയാണ്. ഉദുമയിലും കാഞ്ഞങ്ങാടും കെ രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ നോമിനികളാണ് സ്ഥാനാര്ഥികളായത്. എഐസിസി പ്രവര്‍ത്തക സമിതി അംഗം കെ സി വേണുഗോപാലിന്റെ പിന്തുണയോടെയായിരുന്നു ഇത്. ഇതില്‍ പ്രതിഷേധിച്ചു 10 ഡിസിസി ഭാരവാഹികള്‍ രാജിഭീഷണി മുഴക്കിയിരുന്നു.
ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചു ഉണ്ണിത്താന് എല്ലാം കയ്യടക്കുന്നതില്‍ പാര്‍ടിക്കുള്ളില്‍ കടുത്ത പ്രതിഷേധം പുകയുന്നുണ്ട്. എ വിഭാഗവും ഐ വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമാണെന്ന് വരുത്തിയാണ് സ്ഥാനമാനങ്ങള്‍ കയ്യടക്കുന്നത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മിണ്ടാതിരുന്ന നേതാക്കള്‍ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വാളെടുത്തു തുടങ്ങി എന്നാണ് പുതിയ സംഭവങ്ങള്‍ കാണിക്കുന്നത്.