ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം; വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി, വ്യാപാരികള്‍ക്കും ബസ് ജീവനക്കാര്‍ക്കും ബോധവത്കരണം
കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത് നിയന്ത്രിക്കുന്നതിന് കടുത്ത നടപടികളുമായി കാസര്‍കോട് പൊലീസ് രംഗത്ത്. ജില്ലയില്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് പറഞ്ഞു.
ഇന്ന് രാവിലെ പൊലീസിന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡ നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖ വിതരണം നടത്തി. വ്യാപാര സ്ഥാപനങ്ങളില്‍ കയറി സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചും മാസ്ക് ധരിക്കുന്നത് സംബന്ധിച്ചും നിര്‍ദ്ദേശങ്ങള്‍ നല്കി. പുതിയ ബസ് സ്റ്റാന്റില്‍ ബസുകളില്‍ കയറി ജീവനക്കാരേയും യാത്രക്കാരേയും ബോധവല്‍ക്കരിച്ചു. വ്യാപാര സ്ഥാപനങ്ങള്യാതൊരു കാരണവശാലും രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്കി. ലംഘിച്ചാല്‍ നടപടിയുണ്ടാകും. ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. അടച്ചിട്ട ഹാളുകളില്‍ പരമാവധി 75 പേര്‍ക്ക് മാത്രമാണ് പ്രവേശനം. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പരമാവധി 100 പേരെ പങ്കെടുപ്പിക്കാം. ആരാധനാലയങ്ങളില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വേണം പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നടത്താന്‍. 100ല്‍ കൂടുതല്‍ പേര് പങ്കെടുക്കരുത്. പൊതുജനങ്ങള്‍ അധികൃതരുമായി സഹകരിക്കണം. രാത്രികാലങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
ബസ് സ്റ്റാന്റുകള്‍, ഓട്ടോ-ടാക്സി സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തും. കോവിഡ് രൂക്ഷമായ സാഹചര്യത്തിലും പലരും മാസ്ക് ധരിക്കാതെയാണ് പുറത്തിറങ്ങുന്നത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പുലര്‍ച്ചെ മുതല്‍ തന്നെ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ആവശ്യാര്‍ത്ഥം കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കും.
കുട്ടികളും പ്രായമായവരും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം-ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഡി.വൈ.എസ്.പി പി. സദാനന്ദന്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എ.വി പ്രദീപ്, സി.ഐ കെ.വി ബാബു, എസ്.ഐമാരായ കെ. ഷൈജു, ഷെയ്ക്ക് അബ്ദുല്‍റസാഖ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.