മംഗളൂരു ബോട്ടപകടം; കാണാതായ ഒമ്പതു പേരെ കണ്ടെത്താനായില്ല, നാലാം ദിവസവും തിരച്ചില്‍ തുടരുന്നു ഒമ്പതു
മംഗളൂരു: മംഗളൂരു ബോട്ടപകടത്തില്‍ കാണാതായ ഒമ്ബത് പേരെ ഇനിയും കണ്ടെത്താനായില്ല. നാവിക, തീരദേശ സേനകളും പോലീസും നാലാം ദിവസവും തിരച്ചില്‍ തുടരുകയാണ്. തമിഴ്നാട്, ബംഗാള്‍ സ്വദേശികളാണ് കാണാതായവര്‍. മുങ്ങിയ ബോട്ടിന്റെ താഴത്തെ കാബിനില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്ന് സംശയമുയര്‍ന്നിരുന്നു. എന്നാല്‍, മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. 14 പേര് സഞ്ചരിച്ചിരുന്ന ബോട്ടിലെ രണ്ട് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. സ്രാങ്കടക്കം മരിച്ച മൂന്ന് പേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
ബോട്ടപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബോട്ടുമായിടിച്ച വിദേശ ചരക്കുകപ്പലില്‍ തുറമുഖ ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലെ എം എം ഡി അധികൃതര്‍ പരിശോധന നടത്തും. തീരദേശ സേനയുടെ നിര്‍ദേശ പ്രകാരം സിംഗപ്പൂര്‍ രജിസ്ട്രേഷനിലുള്ള എ പി എല്‍ ലിഹാവ്റെ കപ്പല്‍ മംഗളൂരു തീരത്തേക്ക് അടുപ്പിച്ചിട്ടുണ്ട്.