സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ദമ്പതികൾ അറസ്റ്റിൽ
കൊച്ചി : സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന ദമ്പതികൾ പിടിയിൽ.
വൈക്കം ചെമ്പ് സ്വദേശി മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ(ഉണ്ണി–26), ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനി ആതിര പ്രസാദ്(അമ്മു–27) എന്നിവരാണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുകയാണ് ദമ്പതികൾ.
13ന് കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്തു കാറിലെത്തിയ പ്രതികൾ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി ഒന്നേകാൽ പവന്റെ സ്വർണമാലയും ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും കവർന്നു. പെൺകുട്ടിയെ പാലാരിവട്ടത്തു ഇറക്കി വിടുകയും ചെയ്തു. അതെ ദിവസം തന്നെ വൈറ്റില ഹബ്ബിൽ നിന്നു മറ്റൊരു പെൺകുട്ടിയെയും കാറിൽ കയറ്റി ഭീഷണിപ്പെടുത്തി 20000 രൂപ കവർന്നു.
കേസിൽ ഇവരുടെ കൂട്ടുപ്രതിയായ ടാക്സി ഡ്രൈവർ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു.