കോവിഡിന്റെ പേരിൽ പിണറായിയെ വരിഞ്ഞുകെട്ടാൻ പ്രതിപക്ഷ നീക്കം വിവാദത്തിന്റെ പ്രോട്ടോക്കോളില്‍ മുഖ്യമന്ത്രി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനു കോവിഡ് ബാധിച്ചതും ആശുപത്രിവാസം അവസാനിപ്പിച്ചതും രാഷ്ട്രീയവിവാദത്തില്‍. വോട്ടെടുപ്പ് നടന്ന ഏപ്രില്‍ ആറിനു രണ്ടുദിവസംമുമ്പു മുഖ്യമന്ത്രിക്കു കോവിഡ് ബാധിച്ചുവെന്നും അതു മറച്ചു പ്രോട്ടോക്കോള്‍ ലംഘിച്ച് തെരഞ്ഞെടുപ്പു പ്രചാരണത്തിലും വോട്ടിങ്ങിലും പങ്കെടുത്തുവെന്നുമാണു പ്രധാനവിവാദം. ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള പത്തുദിവസത്തെ ആശുപത്രിവാസത്തിനുമുമ്പേ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയി ഡിസ്ചാര്ജായതിനെച്ചൊല്ലിയാണ് മറ്റൊരു വിവാദം.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനു മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷാന്‍ കൊടുവള്ളി ഗവര്‍ണര്‍ക്കു പരാതിയും നല്കി. പ്രോട്ടോക്കോള്‍ ലംഘനത്തിനു മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നു കേന്ദ്രമന്ത്രി വി. മുരളീധരനും ആവശ്യപ്പെട്ടു.
മകള്‍ വീണ പോസറ്റീവായതിനെത്തുടര്ന്നാണു മുഖ്യമന്ത്രിക്കു പരിശോധന നടത്തിയത്. പോസിറ്റീവാണെന്നറിഞ്ഞതോടെ എട്ടിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഗറ്റീവാണെന്നു കണ്ടെത്തി വിഷുദിനത്തില്‍ ഡിസ്ചാര്‍ജും ചെയ്തു. ആരോഗ്യവകുപ്പിന്റെ കോവിഡ് മാര്‍ഗരേഖ പ്രകാരം പോസിറ്റീവായി പത്തുദിവസം കഴിഞ്ഞാണ് വീണ്ടും പരിശോധന നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അതു ലംഘിച്ചുവെന്നാരോപണമുയര്ന്നപ്പോള് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ: എം.പി ശശി നല്കിയ വിശദീകരണമാണ് വിവാദം കത്തിച്ചത്. മുഖ്യമന്ത്രിക്ക് ഏപ്രില്‍ നാലിനുതന്നെ രോഗലക്ഷം ഉണ്ടായിരുന്നുവെന്നും അന്നുമുതലാണ് കണക്കാക്കിയതെന്നുമായിരുന്നു വീശദീകരണം.
ഇതോടെ നാലിന് മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തില്‍ റോഡ് ഷോ നടത്തിയതും വോട്ടെടുപ്പ് ദിനം പ്രോട്ടോക്കോള്‍ പാലിക്കാതെ ബൂത്തില്‍ വന്നതും അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിവാദം മുറുകി. ഇതോടെ നാലിന് മുഖ്യമന്ത്രിക്ക് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നേ ഉള്ളൂവെന്നും എട്ടിന് പരിശോധന നടത്തിയപ്പോളാണ് രോഗം സ്ഥിരീകരിച്ചതെന്നുമുള്ള തിരുത്തുമായി ഡോക്ടര്‍ വീണ്ടും രംഗത്തുവന്നുവെങ്കിലും വിവാദം തണുത്തില്ല.