നാലുദിവസമായിട്ടും രേഖകളില്ല ;ഷാജിയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും
കോഴിക്കോട്:കള്ളപ്പണം പിടിച്ച് നാലുദിവസം കഴിഞ്ഞിട്ടും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എ രേഖകള്‍ ഹാജരാക്കിയില്ല. 12ന് വിജിലന്‍സ് സംഘം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് അരക്കോടിയുടെ കള്ളപ്പണം പിടികൂടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഷാജിയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാം എന്നായിരുന്നു റെയ്ഡിനുശേഷം ഷാജിയുടെ പ്രതികരണം. പിടിച്ചെടുത്ത പണം തിരിച്ചുനല്‍കേണ്ടിവരുമെന്നും ഏത് അന്വേഷണ ഏജന്സിക്കുമുമ്പിലും ഹാജരാക്കുമെന്നും പറഞ്ഞ ഷാജി ഇപ്പോള്‍ മൗനത്തിലാണ്. ഒളിപ്പിച്ച നിലയിലായിരുന്നു പണം. കോഴിക്കോട്ടെ വീട്ടില്‍നിന്നും 491 ഗ്രാം സ്വര്‍ണവും കണ്ണൂരിലെ വീട്ടില്‍നിന്ന് 60 ഗ്രാം സ്വര്‍ണവും വിദേശ രാജ്യങ്ങളിലെ കറന്‍സി ശേഖരവും വിവിധ ഇടപാടുകളുമായി ബന്ധപ്പെട്ട 77 രേഖകളും പിടിച്ചെടുത്തു. കോഴിക്കോട്ടുനിന്ന് പിടിച്ച 491 ഗ്രാം സ്വര്‍ണത്തില്‍ 331 ഗ്രാം അനധികൃതമാണെന്നാണ് കണ്ടെത്തല്‍. ഈ സ്വര്‍ണത്തിന്റെ രേഖകള്‍ ഹാജരാക്കാനും ഷാജിക്ക് കഴിഞ്ഞിട്ടില്ല. അതേസമയം കേസന്വേഷണത്തിന്റെ ചുമതല വിജിലന്‍സ് ഡിവൈഎസ്പി ജോണ്സന് കൈമാറി. പിടികൂടിയ അരക്കോടിയോളം രൂപ ആരില്‍നിന്നാണ് ലഭിച്ചത്, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിരൂപയുടെ സ്രോതസ്സ്, 28 തവണ വിദേശയാത്ര നടത്തിയത് എന്തിന് എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കാണ് ഷാജിയില്‍നിന്ന് ഉത്തരം ലഭിക്കാനുള്ളത്. ഇത് മുന്‍നിര്‍ത്തി പ്രത്യേക ചോദ്യാവലി തയാറാക്കി. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസും നല്കി.
റെയ്ഡ് റിപ്പോര്‍ട്ട് കോടതിയില്‍
റെയ്ഡുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചു. കണ്ണൂരിലെ വീട്ടില്‍ കണ്ടെത്തിയ രേഖകളില്ലാത്ത 47,35,500 രൂപയും 60 ഗ്രാം സ്വര്‍ണാഭരണങ്ങളും കോഴിക്കോട്ടെ വീട്ടില്‍നിന്ന് പിടിച്ച 491 ഗ്രാം സ്വര്‍ണാഭരണവും 30,000 രൂപയും രണ്ട്? വീട്ടില്‍ നിന്നുമായി പിടിച്ച 77 രേഖകളും അടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഷാജിയുടെയും ഭാര്യ ആശയുടെയും പേരിലുള്ള ഭൂമി, വീടുകള്‍, വീട്ടിലെ ആഡംബര ഫര്‍ണിച്ചറുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയടക്കമുള്ളവയുടെ മൂല്യം കണക്കാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നിക്ഷേപങ്ങള്‍, ബിസിനസ് പങ്കാളിത്തം എന്നിവയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. രേഖകള്‍ കേസന്വേഷണത്തിനായി വിട്ടുകിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ അപേക്ഷനല്‍കി.
ഷാജിക്കും മറയൊരുക്കി ലീഗ്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ തെളിവുസഹിതം പിടിക്കപ്പെട്ടിട്ടും കെ എം ഷാജിയെ സംരക്ഷിച്ച് മുസ്ലിംലീഗ്. കേസും അന്വേഷണവും രാഷ്ട്രീയപ്രേരിതമാണെന്ന വാദമുയര്‍ത്തി പാര്‍ടി സെക്രട്ടറിയും എംഎല്‍എയുമായ ഷാജിക്ക് മറയൊരുക്കുകയാണ് ലീഗ്. ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവുമായി മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പാനൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് റെയ്ഡ്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം വച്ചാണ് ഇപ്പോഴത്തെ നീക്കമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷാജിയുടെ വീട്ടില്‍നിന്ന് സ്വര്‍ണവും ഡോളറും വിദേശ കറന്‍സിയും ഉള്‍പ്പെടെ കണ്ടെടുത്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഷാജിയെ സംരക്ഷിക്കുന്ന നിലപാടില്‍ ലീഗിനുള്ളില്‍തന്നെ എതിര്‍പ്പുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ ഷാജി കോഴ വാങ്ങിയെന്ന ആരോപണമുയര്‍ത്തിയത് ലീഗ് മണ്ഡലം ഭാരവാഹികളാണ്. ഈ പരാതിയാണ് അനധികൃത സ്വത്ത് സമ്പാദന അന്വേഷണത്തിലേക്ക് വഴിയൊരുക്കിയത്. അന്വേഷണം വിജിലന്‍സിന് കൈമാറാന്‍ ഷാജി സര്‍ക്കാരിനെ വെല്ലുവിളിച്ചു. കേസെടുത്ത് അന്വേഷണവും തെളിവെടുപ്പും ആരംഭിച്ചപ്പോള്‍ രാഷ്ട്രീയ ആരോപണമുയര്‍ത്തി പുകമറ സൃഷ്ടിക്കാനാണ് ശ്രമം.
ഷാജിക്കെതിരെ ലീഗില്‍ എതിര്ശബ്ദമുണ്ടെങ്കിലും ആരും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. സ്വര്‍ണ നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീന് അറസ്റ്റിലായപ്പോഴും പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പ്രതിചേര്ക്കപ്പെട്ടപ്പോഴും ഇരുവരെയും സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്. അഴിമതിക്കേസില്‍ ഷാജിയെ മാത്രം കൈയൊഴിഞ്ഞാല്‍ ഷാജി അനുകൂലികള്‍ നേതൃത്വത്തിനെതിരെ തിരിയും. എല്ലാ അഴിമതിക്കാരെയും ഒരുപോലെ സംരക്ഷിക്കാനാണ് നീക്കം. അതുവഴി പാര്ടിക്കുണ്ടാകുന്ന അവമതിപ്പ് കാര്യമാക്കേണ്ടതില്ലെന്ന നിലപാടിലാണ് ലീഗ്. തെരഞ്ഞെടുപ്പ് കഴിഞ്ഞത് അനുകൂലഘടകമാണെന്നും വിലയിരുത്തുന്നു.