ജില്ലയില്‍ ഏപ്രില്‍ 16നും 17നും കോവിഡ്-19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ്
കാസര്‍കോട്:ജില്ലയിൽ കോവിഡ്-19 രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ 16, 17 തീയതികളിൽ കോവിഡ് -19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ടു ദിവസം 6000 പേർക്ക് കോവിഡ് -19 ടെസ്റ്റിംഗ് നടത്തുന്നതിനായി ജില്ലയിൽ സൗകര്യമൊരുക്കി.
ജില്ലയിൽ സ്ഥിരമായി കോവിഡ്-19 ടെസ്റ്റ് നടത്തുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും കോവിഡ്-19 പരിശോധന ഉണ്ടായിരിക്കും. ഏപ്രിൽ 16ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലും ഏപ്രിൽ 17ന് പടന്നക്കാട് ഇഎംഎസ് ക്ലബ്, മടക്കര ഹാർബർ എന്നിവിടങ്ങളിലും പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കോവിഡ്-19 രോഗലക്ഷണങ്ങളുള്ളവർ, കോവിഡ്-19 രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർ, പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ള 45 വയസ്സിനു താഴെ പ്രായമുള്ള ഓട്ടോ-ടാക്സി ഡ്രൈവർമാർ, കളക്ഷൻ ഏജന്റുമാർ തുടങ്ങിയവർ, കോവിഡ്-19 വാക്സിനേഷനെടുക്കാത്ത 45 വയസ്സിന് മുകളിലുള്ളവർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾ, കൂട്ടിരിപ്പിന് പോയവർ എന്നിവർ ഈ കേന്ദ്രങ്ങളിലെത്തി കോവിഡ്-19 പരിശോധനക്ക് വിധേയരാവണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അഭ്യർഥിച്ചു.