പെരിയ ഇരട്ടക്കൊല:പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കേസ് നടപടികള്‍ ജില്ലാ കോടതി അവസാനിപ്പിച്ചു, ഇനി സി ബി ഐ കോടതിയില്‍
കാസര്‍കോട്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അവസാനിപ്പിച്ചു. ഹൈക്കോടതിനിര്‍ദേശ പ്രകാരം സി ബി ഐ കേസ് ഏറ്റെടുത്തതോടെ കുറ്റപത്രം അടക്കമുള്ള ഫയലുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തുടര്‍നടപടികൾ ജില്ലാ കോടതി അവസാനിപ്പിച്ചത്. ഇനി കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ എറണാകുളം സി ബി ഐ കോടതിയില്‍ നടക്കും.
കേസിലെ പ്രതികളായ സി പി എം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരന്, സജി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍ കുമാര്‍, അശ്വിന് എന്ന അപ്പു, ആര് ശ്രീരാഗ്, ജി ഗിജിന്‍, പ്രദീപ്, സുബീഷ്, മുരളി, മണി എന്നിവരാണ് ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.അതേസമയം സി.ബി.ഐ അന്വേഷണത്തെ എതിർത്ത് സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഉടൻ വിധി പറയും.