തിരുവനന്തപുരം: അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണ്. സ്വയ രക്ഷക്ക് വേണ്ടിയാണ് തണ്ടര്‍ ബോൾട്ട് വെടിയുതിര്‍ത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരിച്ചു.
മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇടത് മുന്നണിക്കകത്ത് തന്നെ കടുത്ത ആശയ ഭിന്നത നിലനിൽക്കെയാണ് പാര്‍ട്ടിയോഗത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം എന്നതും ശ്രദ്ധേയമാണ്.
അതിനിടെ അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സ്ഥലം സന്ദർശിച്ച സിപിഐ പ്രതിനിധി സംഘം. പൊലീസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്ന മേലെ മഞ്ചിക്കണ്ടി വനത്തിലെ സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു സിപിഐ പ്രതികരണം. ഭരണകൂട ഭീകരതയാണ് അട്ടപ്പാടിയിൽ നടന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് പറഞ്ഞു.
പൊലീസ് ഒരുക്കിയ തിരക്കഥ അനുസരിച്ചാണ് ഇവിടെ ഏറ്റുമുട്ടൽ നടന്നതെന്നാണ് വ്യക്തമാവുന്നത് മാവോയിസ്റ്റുകൾ ഭക്ഷണം മോഷ്ടിക്കുകയോ സ്ത്രീകളെയോ കുട്ടികളെയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നതെന്നും പി പ്രസാദ് പറഞ്ഞു.
. പൊലീസ് പറയുന്നത് അതുപോലെ ആവർത്തിക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്ന് പറഞ്ഞ സിപിഐ പ്രതിനിധി മജിസ്റ്റീരിയൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും ഇക്കാര്യത്തിൽ തൃപ്തികരമല്ലെന്നും വ്യക്തമാക്കി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎൽഎമാരായ ഇ കെ വിജയൻ, മുഹമ്മദ് മുഹ്സിൻ, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലം സന്ദർശിച്ചത്.