ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരായ വിധിയില്‍ സര്‍ക്കാരിന് നേരിട്ട് കോടതിയെ സമീപിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍. ലോകായുക്ത ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം. ഇതോടെ സര്‍ക്കാരിനും നേരിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ സാധിക്കും. ലോകായുക്ത ഉത്തരവിനെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്ബ് എതിര്‍കക്ഷിക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ചട്ടം അനുശാസിക്കുന്നത്. എന്നാല്‍, ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി വ്യക്തമാക്കുന്നത്. ജലീലിന് പരാതിയുടെ പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനില്‍ക്കില്ലെന്നും എജി നിരീക്ഷിച്ചു.
മന്ത്രിയെ നീക്കണമെന്ന നിര്‍ദേശം അത്ര ലളിതമല്ലെന്നും, വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണമായിരുന്നുവെന്നും എ.ജി വ്യക്തമാക്കി. ഇതൊന്നും പാലിക്കാതെയാണ് ലോകായുക്ത വിധി പ്രസ്താവന നടത്തിയതെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നുമാണ് എ.ജി യുടെ നിര്‍ദ്ദേശം.