വിഷു ലക്ഷ്യമിട്ട് വിളയിച്ച വെള്ളരി
വിൽക്കാനാവാതെ കർഷകൻ; മണികണ്ഠന് തുണയായത് കലാകാരന്മാരുടെ കൂട്ടായ്മ
പാലക്കുന്ന് : വിഷു ലക്ഷ്യമിട്ട് മണികണ്ഠൻ വിളയിച്ചെടുത്തത് 70 ക്വിന്റൽ വെള്ളരി. പൊൻ തിളക്കമാർന്ന ഇത്രയും വെള്ളരിക്ക് വിപണി കണ്ടെത്താനാവാതെ നിരാശനായ മണികണ്ഠന് തുണയായത് ഒരു കൂട്ടം കലാകാരൻമാരുടെ നല്ല മനസ്. ‘നാടക് കാഞ്ഞങ്ങാട് ‘മേഖലയിലെ നാടക കലാകാരന്മാർ കൂട്ടമായി വെള്ളരി തോട്ടത്തിലെത്തി വെള്ളരി വിൽപ്പനയ്ക്ക് വഴി കണ്ടെത്തി. ഇവരുടെ നേതൃത്വത്തിൽ മണികണ്ഠൻ വിളവെടുത്ത വെള്ളരി എല്ലാം വിറ്റൊഴിഞ്ഞു. കണ്ണൂർ ജില്ലയിൽ നിന്നും വെള്ളരി വാങ്ങാൻ ആളുകളെത്തി. നാടക് സംഘടനയിലെ പാലക്കുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശശി ആറാട്ടുകടവും , അനിൽ കുമാർ കരിപ്പോടിയും ഒപ്പം മുതിർന്ന നാടക കലാകാരനായ ദാമോദരൻ കരിഞ്ചാൽ, സുമിത്ര ചട്ടംചാൽ എന്നിവർ നേതൃത്വം നൽകിയപ്പോൾ തൊട്ടടുത്ത സ്കൂളിലെ അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും വെള്ളരി വാങ്ങാനെത്തി. വിവരമറിഞ്ഞു പലരും വെള്ളരി വാങ്ങാനെത്തി. വിളവെടുത്ത വെള്ളരി മുഴുവൻ വിഷുവിന് മുൻപേ ഇടനിലക്കാരില്ലാതെ വിറ്റൊഴിഞ്ഞ സംതൃപ്തിയിൽ മണികണ്ഠനും കുടുംബവും അവരെ സഹായിച്ച കലാകാരന്മാരും.