ധാർമ്മികത ഉയർത്തിപ്പിടിച്ചുള്ള രാജിയെന്ന് വിജയരാഘവൻ, നല്ല മാതൃകയെ അംഗീകരിക്കുന്നുവെന്ന് എംഎ ബേബി
തൃശൂർ: ബന്ധുനിയമനപരാതിയിലെ ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിലെ മന്ത്രി കെ ടി ജലീലിന്റെ രാജി ധാർമ്മികത ഉയർത്തിപ്പിടിച്ചെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. പൊതു ജീവിതത്തിന്റെ മാന്യത ഉയർത്തിപ്പിടിച്ചയാളാണ് ജലീലെന്നും രാജി തീരുമാനം സ്വാഗതാർഹമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. രാജിവെച്ചെന്ന് കരുതി തെറ്റ് ചെയ്തെന്ന അർത്ഥമില്ല. രാജിയുടെ മുഹൂർത്തം നിശ്ചയിക്കേണ്ടത് മാധ്യമങ്ങളല്ല.
നേരത്തെ പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ പരമർശമുണ്ടായി. കെ ബാബുവിനെതിരായ വിജിലൻസ് കോടതി പരാമർശവും വന്നു . എന്നാൽ ഇവരാരും രാജി വെച്ചില്ല. അത്തരം സമീപനം എൽഡിഎഫോ ജലീലോ സ്വീകരിച്ചിട്ടില്ല. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചാണ് തീരുമാനം. ജലീൽ രാജി വെച്ചെന്നതാണ് പ്രധാന കാര്യമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടാണോ രാജി എന്നതല്ല പ്രധാന കാര്യമെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യങ്ങളോട് വിജയരാഘവന്റെ പ്രതികരണം.
കെ ടി ജലീലിന്റെ രാജി പാർട്ടിയുടെയും മുന്നണിയുടെയും ധാർമിക മൂല്യങ്ങൾ ഉയർത്തിപിടിച്ചെന്ന് എം എ ബേബിയും പ്രതികരിച്ചു. ജലീൽ സ്വയം രാജി വച്ചതാണ് സ്വന്തം വാദം നീതി ന്യായ വ്യവസ്ഥയെ ബോധ്യപ്പെടുത്താൻ ഹൈക്കോടതിയിൽ പോയത്. നല്ല മാതൃകയെ അംഗീകരിക്കുന്നുവെന്നും ബേബി പ്രതികരിച്ചു. രാജി വെച്ചത് നല്ല തീരുമാനമെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.