കിറ്റെക്സ് സ്ഥാപനങ്ങളിലേക്ക് ആറ് റോഡുകള്‍ കിഴക്കമ്പലത്ത് ട്വന്റി 20 പഞ്ചായത്ത് ഫണ്ട് വെട്ടിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ ലക്ഷങ്ങളുടെ ഫണ്ട് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഫണ്ട് ദുരുപയോഗം ചെയ്ത് റോഡുകള്‍ നിര്‍മിച്ചുവെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
കിറ്റെക്സ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് റോഡുകള്‍ നിര്‍മിച്ചുവെന്നും കിറ്റെക്സ് എം.ഡിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേര്‍ന്ന തോടുകളുടെ അരിക് കെട്ടാനും പൊതു ഫണ്ട് ദുരുപയോഗിച്ചു എന്നുമാണ് റിപ്പോര്‍ട്ട്.
പഞ്ചായത്ത് ഫണ്ടിന്റെ ദുരുപയോഗം സംബന്ധിച്ച് വിജലന്‍സ് അന്വേഷിക്കണമെന്ന് ഇന്റലിജന്‍സ് മേധാവി ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.
കിറ്റെക്സിനോട് ചേര്‍ന്ന സ്ഥലത്ത് നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിച്ചെന്ന ഗുരുതര കണ്ടെത്തലുമുണ്ട്. ഇവ പ്രാഥമിക പരിശോധനയ്ക്കായി തദ്ദേശഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.
കിഴക്കമ്പലം പഞ്ചായത്തിലെ വികസന ഫണ്ടിന്റെ ഉപയോഗം നിരീക്ഷണമെന്നും ഇന്റലിജന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തതിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് ഇന്റലിജന്‍സ് എറണാകുളം സംഘം പരിശോധന നടത്തിയത്.
കിഴക്കമ്പലം പൂക്കാട്ടുപടി പി.ഡബ്ല്യു.ഡി റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഭൂവുടമകള്‍ക്ക് പ്രതിഫലം നല്‍കിയിട്ടില്ലെന്ന ആരോപണമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു