നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം; ആളുകളെ പ്രവേശിപ്പിക്കുന്നത് പരിശോധനയ്ക്ക് ശേഷം
തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗം പൂര്‍ത്തിയായി. കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് യോഗത്തില്‍ തീരുമാനമായത്. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവര്‍ വാക്സീന് സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവതിക്കൂ. 45 വയസിന് താഴെ ഉള്ളവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാക്രമായിരിക്കും പ്രവേശനം. വാക്സീന് നല്കാന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.
പൂരം നടത്തിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും സംഭവിക്കുകയെന്നാണ് തൃശൂര്‍ ഡിഎംഒ മുന്നറിയിപ്പ് നല്‍കിയത്. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് വ്യക്തമാക്കിയ ഡിഎംഓ ഇനി എന്ത് സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വമില്ലെന്നും പ്രതികരിച്ചിരുന്നു.