സ്പുട്നിക് വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി, അടുത്തമാസം മുതൽ വിതരണം തുടങ്ങും
ന്യൂഡല്‍ഹി: സ്പുട്നിക് -5 വാക്സിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഒഫ് ഇന്ത്യ (ഡി സി ജി ഐ) അനുമതി നല്കി. റഷ്യയില്‍ നിന്നുള്ള വാക്സിനാണ് സ്പുട്നിക്. അടുത്തമാസം മുതല്‍ രാജ്യത്ത് വിതരണം ആരംഭിക്കും.ഇന്ത്യയില്‍ അനുമതി നല്കുന്ന മൂന്നാമത്തെ കൊവിഡ് വാക്സിനാണിത്.സ്പുട്നിക് വാക്സിന് അനുമതി നല്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. വാക്സിന് അടിയന്തര ഉപയോഗത്തിന് ഉപാധികളോടെ അനുമതി നല്കാന് ഡി സി ജി ഐയുടെ കീഴിലുള്ള വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഡോ. റെഡ്ഡീസ് ആണ് ഇന്ത്യയില്‍ സ്പുട്നികിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. 91.6 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്സിന് അവകാശപ്പെടുന്നത്.സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് എന്നിവയ്ക്ക് നേരത്തെ ഡി സി ജി ഐ അനുമതി നല്‍കിയിരുന്നു. വാക്സിനേഷന് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജോണ്സണ് ആന്‍ഡ് ജോണ്സണ്, നൊവാക്സ്, സൈഡസ് കാഡില എന്നിവയ്ക്കും, ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന മൂക്കിലൊഴിക്കാവുന്ന വാക്സിനും അടിയന്തര അനുമതി നല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.