കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം
തിരുവനന്തപുരം: കോവിഡിന്റെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്.
പൊതുപരിപാടികള്‍ അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 ലധികം പേര് പങ്കെടുക്കാന്‍ അനുവദിക്കില്ല. അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികള്‍ക്ക് നൂറിലധികം പേരെ അനുവദിക്കില്ല. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വിവാഹ ചടങ്ങുകള്‍ക്കടക്കം ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.
ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് അടയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും തീരുമാനമുണ്ട്. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഹോട്ടലുകളില്‍നിന്ന് ഭക്ഷണം പാഴ്സല്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കണം. വിവാഹ ചടങ്ങുകളിലും പായ്ക്കറ്റ് ഭക്ഷണം നല്കാന് നിര്‍ദ്ദേശിക്കണമെന്നും ഉന്നതതല യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഷോപ്പിങ് ഫെസ്റ്റിവലുകള്‍, ഷോപ്പിങ് മാളുകളില്‍ നടക്കുന്ന വില്‍പ്പന മേളകള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കും.