കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി : രാജ്യസഭാ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര ഇടപെടലിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് എസ് ശര്‍മ്മ എംഎല്‍എയും സംസ്ഥാന നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ചാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്.
നിലവിലെ നിയമസഭ സാമാജികരില്‍ നിന്നും തെരഞ്ഞെടുപ്പ് നടത്തിയാല്‍ ജനാഭിലാഷം പ്രതിഫലിക്കില്ലന്നും പുതിയ നിയമസഭയാണ് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാംഗങ്ങളൂടെ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നുമുള്ള കമ്മീഷന്റെ വാദം കോടതി തള്ളി.
കേരളത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയം ശുപാര്‍ശ ചെയ്തെന്നും പുതിയ നിയമസഭ രൂപീകരിച്ചശേഷം തെരഞ്ഞെടുപ്പ് മതിയെന്ന് നിയമോപദേശം ലഭിച്ചെന്നും കമ്മിഷന് കോടതിയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രില്‍ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി തീരുന്നത്.