മരിച്ചുവെന്ന് സര്‍ട്ടിഫിക്കറ്റ് നല്കി ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയ മൃതദേഹം സംസ്കരിക്കാന്‍ എടുത്തപ്പോള്‍ ബന്ധുക്കള്‍ ഞെട്ടി
പട്ന: മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ കോവിഡ് ബാധിച്ചുമരിച്ചു. ആശുപത്രിയില്‍ നിന്നും ലഭിച്ച മരണസര്‍ട്ടിഫിക്കറ്റുമായി മൃതദേഹം സംസ്കരിക്കാന്‍ ശ്മശാനത്തിലെത്തിയ ബന്ധുക്കള്‍ ശരിക്കും ഞെട്ടി. തങ്ങളുടെ ബന്ധുവിന്റെ മൃതദേഹമല്ല, മറ്റാരുടെയോ ആണ് നല്‍കിയിരിക്കുന്നത്. മൃതദേഹത്തിന്റെ മുഖത്തെ തുണി മാറ്റയപ്പോഴാണ് ഇവര്‍ ആളുമാറിയ വിവരം അറിഞ്ഞത്.
മാറിപ്പോയ മൃതദേഹവുമായി ആശുപത്രിയില്‍ എത്തിയ ബന്ധുക്കള്‍ കാണുന്നത് തങ്ങളുടെ ആള് ജീവനോടെ കിടക്കുന്നതാണ്. പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം. 40കാരനായ ചുന്നു കുമാറിനെ ഏപ്രില്‍ മൂന്നിനാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഇയാള്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് ഇന്നലെ ആശുപത്രി അധികൃതര്‍ അറിയിക്കുകയും മരണസര്ട്ടിഫിക്കറ്റോടെ മൃതദേഹം കൈമാറുകയുമായിരുന്നു.
ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണിതെന്ന് ചുന്നു കുമാറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഐ.എസ് താക്കൂര്‍ പറഞ്ഞു.
കുടുംബാംഗങ്ങള്‍ എല്ലാവരും കോവിഡ് നെഗറ്റീവ് ആണ്. ചുന്നു കുമാര്‍ കാലൊടിഞ്ഞ് ഏറെനാളായി കിടപ്പിലായിരുന്നു. ഒരു ഇഞ്ച് പോലും നടക്കാന്‍ കഴിയാത്ത ഭര്‍ത്താവിന് എങ്ങനെ കോവിഡ് വൈറസ് ബാധിക്കുമെന്ന് ഭാര്യ കവിത ചോദിക്കുന്നു. ഇത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. അല്ലെങ്കില്‍ എങ്ങനെ തെറ്റുപറ്റുമെന്നും കവിത കുറ്റപ്പെടുത്തി.