കണ്ണൂരില്‍ സി പി എമ്മുകാരായ കൊലക്കേസ് പ്രതികളുടെ ദുരൂഹ മരണം ആവർത്തിക്കുന്നു ; കേസ് എഴുതിത്തള്ളല്‍ തുടര്‍ക്കഥ
കണ്ണൂര്‍: പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റ മരണം കൊലപാതകമാണെന്ന സംശയം ഉയരുമ്പോള്‍ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നേരത്തേ നടന്ന ദുരൂഹ മരണങ്ങളും ചര്‍ച്ചയിലേക്ക്. പ്രമാദമായ കൊലക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരും ചോദ്യം ചെയ്യപ്പെട്ടവരും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവങ്ങള്‍ കണ്ണൂരില്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
ബി.ജെ.പി നേതാവ് കെ.ടി. ജയകൃഷ്ണന്, മുസ്ലിം ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍, പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് തലശ്ശേരിയിലെ ഫസല്‍ എന്നീ വധക്കേസുകളുമായി ബന്ധപ്പെട്ട നാല് സി.പി.എമ്മുകാരാണ് കേസന്വേഷണത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കെ.ടി. ജയകൃഷ്ണന് വധക്കേസിലെ പ്രതി കാരായി സജീവനെ മാഹിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2003ലാണ് സംഭവം. കേസില്‍ ചില സത്യങ്ങള്‍ തുറന്നു പറയാനുണ്ടെന്നു പറഞ്ഞതിന് പിന്നാലെയാണ് ദുരൂഹമരണമെന്ന വാദവുമായി കുടുംബാംഗങ്ങള്‍ അന്ന് രംഗത്ത് വന്നിരുന്നു. എന്നാല്‍, കേസില്‍ കാര്യമായ അന്വേഷണം നടന്നില്ല.
ഫസല്‍ വധക്കേസുമായി ബന്ധെട്ട് ചോദ്യം ചെയ്യലിന് വിധേയരായ രണ്ടു പേരാണ് 2007ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ന്യൂ മാഹിയിലെ പഞ്ചാര ഷിനിലും മൂഴിക്കര കുട്ടനും. ഷിനിലിനെ എടന്നൂരിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂരില്‍ കോളാരിയില്‍ സി.പി.എം ഓഫിസിനോടനുബന്ധിച്ചുള്ള ഷെഡില്‍ ബോംബ് സ്ഫോടനത്തില്‍ മൂഴിക്കര കുട്ടനും കൊല്ലപ്പെട്ടു.
മുസ്ലിം ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി ആശുപത്രിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൊറാഴ സ്വദേശി സരീഷ് ആണ് കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശി എം.എസ്.എഫ് പ്രവര്ത്തകന് ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. കണ്ണപുരം കീഴറയിലെ വള്ളുവന് കടവിനടുത്ത് വയലില്‍ രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടിയിരുന്നു.
പ്രമാദമായ കേസുമായി ബന്ധപ്പെട്ടവരുടെ ദുരൂഹമരണം അതത് ഘട്ടങ്ങളില്‍ ചര്‍ച്ച ആയെങ്കിലും അസ്വാഭാവിക മരണം എന്ന നിലയില്‍ എഴുതിത്തള്ളി. മരണത്തില്‍ ദുരൂഹത ആരോപിച്ച് പാര്‍ട്ടികളോ ബന്ധുക്കളോ രംഗത്തു വന്നതുമില്ല. അതുകൊണ്ടുതന്നെ ഓരോ ദുരൂഹമരണവും ചുരുങ്ങിയ കാലംകൊണ്ടുതന്നെ വിസ്മൃതിയിലേക്ക് മറയുകയും ചെയ്തു.