പൂരം നടന്നാല്‍ 20,000 പേരെങ്കിലും രോഗ ബാധിതരാകും, 10 ശതമാനം മരണം സംഭവിക്കാനും സാദ്ധ്യത;
തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തണമെന്ന് തൃശൂര്‍ ഡി എം ഒ ആവശ്യപ്പെട്ടു.പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും സംഭവിക്കുക. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10 ശതമാനം മരണം സംഭവിക്കാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകുമെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡി എം ഒ അറിയിച്ചു. ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വമില്ലെന്നും ഡി എം ഒ കൂട്ടിച്ചേര്‍ത്തു.
അതേസമയം തൃശൂര്‍ പൂരത്തെ തകര്‍ക്കാനാണ് ഡി എം ഒയുടെ ശ്രമമെന്നും, ഊതിവീര്‍പ്പിച്ച കണക്കാണ് ഡി എം ഒ പറയുന്നതെന്നും പാറമേക്കാവ് ദേവസ്വം കുറ്റപ്പെടുത്തി. ജനങ്ങളെ നിയന്ത്രിക്കാന്‍ തയ്യാറാണെന്നും ദേവസ്വം അറിയിച്ചു