പൊതുയോഗങ്ങള്‍ക്ക് വിലക്ക്;വിവാഹത്തിന് നൂറുപേരിൽ കൂടുതൽ പാടില്ല കോഴിക്കോട് നിയന്ത്രണം കടുപ്പിക്കുന്നു
കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണം ശക്തമാക്കുന്നു. വിവാഹ, മരണ ചടങ്ങുകളില്‍ നൂറുപേരില്‍ കൂടുതല്‍ പാടില്ല.
എല്ലാ പൊതുയോഗങ്ങള്‍ക്കും രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തി. ടൂറിസം കേന്ദ്രങ്ങളിലടക്കം നിയന്ത്രണം കര്‍ശനമാക്കും.
ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് രോഗബാധിതരാകുന്നത് കോഴിക്കോട്, എറണാകുളം ജില്ലകളിലാണ്.
അതേസമയം കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മെഗാ വാക്സിനേഷന് കാര്യക്ഷമമായി നടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പല ജില്ലകളിലും വാക്സിന് സ്റ്റോക്ക് മെഗാ വാക്സിനേഷന് നടത്തുന്നതിന് അപര്യാപ്തമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി കൂടുതല്‍ ഗൗരവം. ഇവിടെ കുറച്ച് ദിവസത്തേക്കുള്ള ഡോസുകള്‍ മാത്രമാണ് ശേഷിക്കുന്നത്.