ഒന്നിച്ച് പഠിക്കുന്നു ഒന്നിച്ച് കഴിക്കുന്നു,…അപ്പോ ഒന്നിച്ചു ഡാന്‍സ് കളിച്ചു, ഇനിയും കളിക്കും; വിവാദമാക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നവീനും ജാനകിയും
തൃശൂര്‍ : സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളായി വൈറലായ നൃത്തമാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ നവീന്റെയും ജാനകിയുടേയും. തൃശൂര്‍ മെഡിക്കല്‍ കോളജ് വരാന്തയില്‍ വെച്ചാണ് ഇരുവരും ചുവട് വെച്ചത്. റാ റാ റാസ്പുട്ടിന്… ലവര് ഓഫ് ദ റഷ്യന്‍ ക്വീന്‍ എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനാണ് ഇവര്‍ ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നവീന്‍ പങ്കുവച്ച 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യം വരുന്ന വീഡിയോ തരംഗമായി മാറുകയായിരുന്നു. ഇരുവരുടേയും നൃത്തത്തിന് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്.
എന്നാല്‍ അപൂര്‍വ്വം ചിലര്‍ നെഗറ്റീവ് കമന്റുകളുമായി എത്തുകയും ചെയ്തു. ലവ് ജിഹാദ് ആരോപിച്ച് കൃഷ്ണരാജ് എന്ന അഭിഭാഷകന് ഇരുവര്‍ക്കും എതിരെ ഒരു കുറിപ്പും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ‘ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന് ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം’ എന്നാണ് കൃഷ്ണരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയായി, പുതിയ ഡാന്‍സ് വീഡിയോയുമായി നവീനും ജാനകിയും വീണ്ടുമെത്തി. ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാന്‍സ്. ആറാം തമ്പുരാന് എന്ന ചിത്രത്തിലെ പാട്ടിന്റെ റീമിക്സിനൊപ്പമാണ് ഇരുവരും ഇത്തവണ ചുവടുവെച്ചത്. ഇരുവരുടേയും ഈ വീഡിയോയും വൈറലായി. വിദ്വേഷ പ്രചാരണങ്ങളില്‍ തല കുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് ഈ വീഡിയോക്ക് താഴെ പിന്തുണയര്‍പ്പിച്ചെത്തിയവര്‍ എഴുതിയത്.
‘കുറച്ചു പേരെ നെഗറ്റീവായി വന്നുള്ളൂ. ഭൂരിപക്ഷവും പോസിറ്റീവ് റെസ്പോണ്‍സാണ് തന്നത്. ഞങ്ങളിപ്പോ കോളജാണ്… ഒന്നിച്ചാണ് ക്ലാസില്‍ പോകുന്നത്, ഒന്നിച്ചാണ് പഠിക്കുന്നത്. ഒന്നിച്ചാണ് കഴിക്കാന്‍ പോകുന്നേ.. അപ്പോ പിന്നെ ഒന്നിച്ചൊരു ഡാന്‍സ് കളിച്ചു. അത് അത്രയേ ഉള്ളൂ. എല്ലാവരും ആ സെന്‍സില്‍ എടുക്കണം. ഞങ്ങള്‍ എന്റര്ടെയ്ന്മെന്റേ ഉദ്ദേശിച്ചുള്ളൂ. എല്ലാവരും കാണണമെന്ന രീതിയില്‍ ഒന്നുമല്ല ഇതെടുത്തത്. എങ്ങനെയോ അത് വൈറലായിപ്പോയി. അത്രയേ ഉള്ളൂ. ഇനിയും വീഡിയോ എടുക്കും. ഞങ്ങള്‍ തന്നെ ആകണമെന്നില്ല. ഡാന്‍സ് കളിക്കുന്ന ഇനിയും പിള്ളേരുണ്ട് കോളജില്‍. ഇതിനും തീര്‍ച്ചയായും എടുക്കും’ സ്വകാര്യ ചാനലിനോട് നവീനും ജാനകിയും വ്യക്തമാക്കി.
തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞന് ഡോ ഓം കുമാറിന്റെയും ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടര്‍ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദില്‍ഷാദിന്റെയും മകനാണ് നവീന്‍ റസാഖ്.