രാഷ്ട്രീയ കൊലപാതകങ്ങള്‍ അണികള്‍ക്ക് മാത്രമായി സംവരണം ചെയ്തതാണ്; കൊവിഡ് അങ്ങനെയല്ല നേതാക്കള്‍ക്ക് അതില്‍ പരിരക്ഷയില്ല: എഫ് ബി പോസ്റ്റിട്ട് സിദ്ദിഖ്
കൊച്ചി: തെരഞ്ഞെടുപ്പിന് പിന്നാലെ പാനൂരിലുണ്ടായ സംഘര്‍ഷത്തില്‍ ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി നടന് സിദ്ദിഖ്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ അണികള്‍ക്ക് മാത്രമായി സംവരണം ചെയ്തതാണ്. കൊവിഡ് പക്ഷേ അങ്ങനെയല്ല നേതാക്കള്‍ക്ക് അതില്‍ പരിരക്ഷയില്ല എന്നായിരുന്നു സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് ബാധിച്ചിരുന്നു. ഇതേദിവസം തന്നെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് രാഷ്ട്രീയകൊലപാതകത്തിന്റെ ഇരകള്‍ എന്നും അണികള്‍ മാത്രമായിരിക്കുമെന്നും എന്നാല്‍ കൊവിഡിന് നേതാക്കളെന്നും പ്രവര്‍ത്തകരെന്നും വ്യത്യസമില്ലെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് പോസ്റ്റിട്ടത്.
അതേസമയം കൊവിഡ് ബാധിതരായ പിണറായി വിജയന്റേയും ഉമ്മന്‍ ചാണ്ടിയുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് പിണറായി വിജയന്. തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി.