തൃക്കരിപ്പൂർ ഗൾഫ് വ്യവസായിയുടെ കൊല, പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
തൃക്കരിപ്പൂര്‍:ഗള്‍ഫ് വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ ബി അബ്ദുല്‍ സലാംഹാജിയെ (59) വീട്ടില്‍ കയറി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) 2015 ല്‍ വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഒന്നാംപ്രതി നീലേശ്വരം ആനച്ചാലിലെ സി കെ മുഹമ്മദ് നൗഷാദ് (37), രണ്ടാം പ്രതി തൃശ്ശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ എം അഷ്കര്‍ (31), മൂന്നാം പ്രതി നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് റമീസ് എന്ന റമീസ് (28), നാലാംപ്രതി തൃശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ എം ഷിഹാബ് (33), അഞ്ചാപ്രതി കണ്ണൂര്‍ എടചൊവ്വയിലെ സി നിമിത്ത് (43) ആറാം പ്രതി മലപ്പുറം ചങ്കരംകുളത്തെ കെ പി അമീര്‍ (25), ഏഴാം പ്രതി മലപ്പുറം ആലംകോട് മാന്തളത്തെ എം കെ ജസീര്‍ (22) എന്നിവരെയാണ് കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. കൂടാതെ അന്യായമായി സംഘം ചേര്‍ന്നതിന് അഞ്ച് വര്‍ഷം തടവും ഭവനഭേദനത്തിന് 10 വര്‍ഷവും തടവ് ശിക്ഷയും വിധിച്ചിരുന്നു.
2013 ആഗസ്റ്റ് നാലിന് രാത്രി 11 ഓടെയാണ് നാടിനെ നടുക്കിയ അക്രമവും കൊലപാതകവും അരങ്ങേറിയത്. കോളിങ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്ന അബ്ദുല്‍ സലാം ഹാജിയെ അക്രമിച്ച് കീഴ്പ്പെടുത്തി സെല്ലോടാപ്പ് കൊണ്ട് വായും മുഖവും വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കുശേഷം യുഎഇ ദിര്‍ഹവും സ്വര്‍ണവുമടക്കം ഏഴര ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. ഭാര്യയെയും വീട്ടിലെ മറ്റംഗങ്ങളെയും ബന്ദിയാക്കി മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കൊലയും കവര്‍ച്ചയും നടത്തിയത്.
ശാസ്ത്രീയ അന്വേഷണം നടത്തിയ പൊലീസ് സംഘത്തെയും സര്‍ക്കാറിനെയും കോടതി പ്രശംസിച്ചു. സലാംഹാജി വധക്കേസിലെ അന്വേഷണ മികവ് നിയമ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുവാനും നിര്‍ദേശിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രന്, എം ആര് അനിതയും അടങ്ങുന്ന ഡിവിഷന് ബഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. കഴിഞ്ഞ 22 മുതലാണ് വാദം ആരംഭിച്ചത്. സര്‍ക്കാറിന് വേണ്ടി ക്രിമിനല്‍ വിഭാഗം സ്പെഷ്യല്‍ പ്രേസിക്യൂട്ടര് നിക്കോളാസ് ജോസഫും ഹാജരായി. അഭിഭാഷകരായ രാമന്‍പിള്ളയും വിജയഭാനുവാണ് പ്രതികള്‍ക്ക് വേണ്ടി അപ്പീല്‍ നല്‍കിയത്.