ജലീല്‍ ഹൈക്കോടതിയിലേക്ക്; ലോകായുക്താ റിപ്പോർട്ട് മന്ത്രിയെ പ്രതിസന്ധിയിലാക്കുമെന്ന് നിയമ വിദഗ്ധര്‍
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹം നിയമ വിദഗ്ദ്ധരുമായി ആലോചന തുടങ്ങി. അവധിക്കാല ബെഞ്ചിന് മുന്നില്‍ ഹര്‍ജി എത്തിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. അടിയന്തര പ്രധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും.
അതേ സമയം നിയമപരമായും ധാര്‍മികമായും മന്ത്രി കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്തയുടെ റിപ്പോര്‍ട്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അഴിമതിനിരോധനത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടേതാണ് റിപ്പോര്‍ട്ടെന്നത് ഗൗരവം വര്‍ധിപ്പിക്കുകയാണ്. വെറുതേയുള്ള കണ്ടെത്തലല്ല ലോകായുക്ത നടത്തിയിരിക്കുന്നത്. മറിച്ചൊരു പ്രഖ്യാപനമാണെന്നതും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കെ.ടി. ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന തരത്തിലുള്ള ലോകായുക്തയുടെ റിപ്പോര്‍ട്ട് അപൂര്‍വമാണെന്ന് സുപ്രീംകോടതി അഭിഭാഷകനായ എം. ആര്. അഭിലാഷ് പറഞ്ഞു. മധ്യവേനല്‍ അവധിക്കായി ഹൈക്കോടതി അടച്ചതിനാല്‍ ഹര്‍ജി ഫയല്‍ ചെയ്യാനും പരിമിതികളുണ്ട്. 13 -േന ഇനി ഹൈക്കോടതി സിറ്റിങ് ഉള്ളൂ. ഇതോടെയാണ് ഹര്‍ജി അവധിക്കാല ബെഞ്ചിന് മുമ്പാകെ എത്തിക്കാനുള്ള നീക്കം നടത്തുന്നത്.
അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.