ചാലക്കുടി ചന്തയിൽ ഇപ്പോൾ കാണുന്നത് ചക്കച്ചുളയുടെ മധുരമൂറുന്ന കാഴ്ച..! കാശുവാരി ചക്കവിപണി
ചാലക്കുടി:കലാഭവൻ മണിയുടെ ചാലക്കുടി ചന്തയിൽ
കോവിഡ് പ്രതിസന്ധിയിലും ചക്കവിപണി സജീവം. ട്രാംവേയുടേയും മണ്ഭരണികളുടേയും പേരില്‍ പുറംനാടുകളില്‍ പെരുമകേട്ട ചാലക്കുടി കുറച്ചുവര്‍ഷങ്ങളായി ചക്കയുടെ പേരിലാണ് അറിയപ്പെടുന്നത്. സീസണ് ആരംഭിച്ചതോടെ ലോഡുകണക്കിന് ചക്കയാണ് ചാലക്കുടിയില്‍നിന്നും കയറിപ്പോകുന്നത്. ദില്ലി, മുംബൈ, കൊല്‍ക്കൊത്ത തുടങ്ങിയ സ്ഥലങ്ങളിലാണ് ചക്കയ്ക്ക് കൂടുതല്‍ ഡിമാന്‍ഡ്. ഉത്തരേന്ത്യയില്‍നിന്നും വന്ന് ലോഡിറക്കിപ്പോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ പ്രതിദിനം ആയിരക്കണക്കിന് ചക്കയാണ് ചാലക്കുടിയില്‍നിന്നും കയറ്റിവിടുന്നത്. പടിഞ്ഞാറെ ചാലക്കുടിയിലെ ചക്കവിപണന കേന്ദ്രത്തില്‍നിന്നും രാത്രിയും പകലും ചക്ക കയറ്റിപ്പോകുന്നുണ്ട്. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ചക്ക കയറ്റിയയക്കാനായില്ല. എന്നാല്‍, ഈ സീസണില്‍ ചക്ക വിപണി സജീവമായതോടെ വ്യാപാരികള്‍ സന്തോഷത്തിലാണ്. വില്‍പ്പനയില്‍ മുന്‍ വര്‍ഷങ്ങളെക്കാളും വലിയ തോതിലുള്ള വര്‍ധനയാണ് ഇക്കുറിയെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഏജന്റുമാര്‍ വഴിയാണ് ചാലക്കുടിയിലെ കേന്ദ്രത്തിലേക്ക് ചക്കയെത്തിക്കുന്നത്. ഇടിയന് ചക്കയ്ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. പ്രത്യേക രീതിയിലാണ് ചക്ക ലോറികളില്‍ അടുക്കുന്നത്. ഓല മെടഞ്ഞ് അത് ലോറിയില്‍ നിരത്തി അതിനിടയില്‍ വാഴയിലകളും ഐസ്കട്ടകളും പാകി അതിലാണ് ചക്ക അടുക്കിവയ്ക്കുന്നത്. ഇത്തരത്തില്‍ പായ്ക്കുചെയ്യുന്നതിനാല് ദിവസങ്ങളെടുത്ത് ലോറി അവിടെയെത്തുമ്പോഴും ചക്ക ഫ്രഷായിരിക്കും. സീസന് കനക്കുന്നതോടെ പഴുത്ത ചക്കയും കയറ്റിവിടും.
വീട്ടുപറമ്പുകളിലേയും തോട്ടങ്ങളിലേയും ചക്കകള്‍ മൊത്തമായി ഏജന്റുമാര്‍ നേരത്തേതന്നെ അഡ്വാന്‍സ് നല്കി വിലയ്ക്കെടുക്കും. തുടര്‍ന്ന് പാകമാകുമ്പോള്‍ പറിച്ചുകൊണ്ടുപോവുകയുമാണ് രീതി. വിപണിയില്‍ ചക്കയ്ക്ക് നല്ല വിലയുണ്ടെങ്കിലും വീട്ടുകാര്‍ക്ക് വളരെ കുറഞ്ഞ വിലയാണ് ലഭിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ലക്ഷങ്ങളുടെ വ്യാപാരമാണ് പ്രതിദിനം ഓരോ ചക്കവ്യാപാര കേന്ദ്രത്തിലും നടക്കുന്നത്.