കുന്നിടിച്ച് നിരത്തുന്നതിനിടെ ഭൂഉടമയ്ക്ക് ലഭിച്ചത് ഒരു കുടം അമൂല്യ ആഭരണങ്ങൾ, ഓടിക്കൂടിയ നാട്ടുകാർ കരിക്ക് നേദിച്ച് പ്രാർത്ഥന നടത്തി
ഹൈദരാബാദ് : തെലങ്കാനയിലെ ഒരു വസ്തുകച്ചവടക്കാരനാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ദേശീയ പാതയ്ക്കരികിൽ പതിനൊന്നേക്കറോളം വസ്തു വാങ്ങി നിരപ്പാക്കുന്നതിനിടെ നരസിംഹുലുവിന് ലഭിച്ച ഒരു നിധിയാണ് വാർത്തയ്ക്ക് ആധാരമായിരിക്കുന്നത്. ജംഗാവോൺ ജില്ലയിലെ പെമ്പാർത്തി ഗ്രാമത്തിലെ വാറങ്കൽ ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപത്തായാണ് നിധി ലഭിച്ചിരിക്കുന്നത്. യന്ത്രങ്ങളുപയോഗിച്ച് ജോലിമുന്നോട്ട് പോകവേയാണ് ഒരു പഴയ മൺകുടം ഉടഞ്ഞത്, എന്നാൽ അതിനകത്തെ അമൂല്യമായ വസ്തുക്കൾ കണ്ട് നരസിംഹുലുവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. സ്വർണം വെള്ളി എന്നിവയാൽ തീർത്ത ആഭരണങ്ങളായിരുന്നു കുടം നിറയെ.നിധി ലഭിച്ചു എന്ന വാർത്തയറിഞ്ഞ് ഓടിക്കൂടിയ ഗ്രാമീണർ ഇത് വിഗ്രഹങ്ങളെ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്ന പുരാതന ആഭരണങ്ങളാണെന്ന് തിരിച്ചറിയുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. തുടർന്ന് ഈ ആഭരണങ്ങൾ ക്ഷേത്രത്തിലെ ദേവിയുടേതാണെന്ന് വിശ്വസിച്ച് കരിക്ക് നേദിച്ച്, ചന്ദനത്തിരികൾ കത്തിച്ച് ദേവീപ്രീതി നടത്തി. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോൾ 1.727 കിലോഗ്രാം ഭാരമുള്ള വെള്ളി ആഭരണങ്ങളും 187.45 ഗ്രാം സ്വർണാഭരണങ്ങളും കുടത്തിലുണ്ടെന്ന് കണ്ടെത്തി. ഈ അമൂല്യ നിധി ഭൂ ഉടമയ്ക്ക് നിയമപ്രകാരം സ്വന്തമാക്കാനാവില്ല. അതേസമയം കൂടുതൽ ആഭരണങ്ങളോ മറ്റ് അമൂല്യ വസ്തുക്കളോ ഉണ്ടോ എന്നറിയാൻ ഈ സ്ഥലം കൂടുതൽ കുഴിച്ച് നോക്കുവാനും തീരുമാനിച്ചിട്ടുണ്ട്.