അമിതവേഗത്തിൽ പായുന്നതിനിടെ സെൽഫിയെടുക്കാൻ ശ്രമം; ബൈക്ക് അപകടത്തിൽ 17കാരന് ദാരുണമരണം
ലക്നൗ: രണ്ട് ചങ്ങാതിമാർക്കൊപ്പം അമിതവേഗത്തിൽ പായുന്ന ബൈക്കിൽ സെൽഫിയെടുക്കാൻ ശ്രമിക്കവെ പതിനേഴുകാരന് ദാരുണമരണം. ഉത്തർപ്രദേശിലെ ബദായൂം ജില്ലയിലാണ് സംഭവം. ഷൊയേബ് ആണ് അപകടത്തിൽ മരിച്ചത്. ഷൊയേബും രണ്ട് ചങ്ങാതിമാരും ബൈക്കിൽ അമിതവേഗത്തിൽ പോകവെ അപകടമുണ്ടായി മൂന്ന്പേർക്ക് ഗുരുതര പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഷൊയേബ് മരണമടഞ്ഞു.അതിവേഗം പോകുന്നതിനിടെ വാഹനം ഓടിച്ചിരുന്ന യുവാവിന് പിന്നിലിരുന്ന ഷൊയേബ് എഴുന്നേറ്റ് നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവെയാണ് ബൈക്ക് നിയന്ത്രണം വിട്ടത്. അടുത്തുളള ഇലക്ട്രിക് പോസ്റ്റിലിടിച്ച ബൈക്ക് മറിയുകയായിരുന്നു. അപകട മരണത്തിന് കേസെടുത്തിട്ടില്ലെന്നും എന്നാൽ ബൈക്ക് ഓടിച്ചയാൾക്കെതിരെ അമിത വേഗത്തിൽ വാഹനമോടിച്ചതിനും പൊതുസ്വത്തിന് നാശമുണ്ടാക്കിയതിനും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ദൃക്സാക്ഷികളില്ലെന്നും പൊലീസ് പറഞ്ഞു.