വയനാട് മീനങ്ങാടിയില്‍ യുവാവ്
പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
വയനാട്: മീനങ്ങാടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മീനങ്ങാടി മുരണിയിലെ കളത്തില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. മാര്‍ച്ച് 29നാണ് പ്രദേശവാസിയായ 31കാരന്, ശ്രീകാന്ത് ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
ഉമൈമത്തിന്റെ മകനും ശ്രീകാന്തും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇതിനെ കുറിച്ച് ചോദിക്കാനെത്തിയ ശ്രീകാന്ത്, ഉമൈമത്തിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഉമൈമത്തിനെ ആശുപത്രിയിലെത്തിച്ചത്.
ശ്രീകാന്തിനെ അപ്പോള്‍ തന്നെ നാട്ടുകാര്‍ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റതിനാല്‍ ശ്രീകാന്തിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും നില മെച്ചപ്പെട്ടതിനാല്‍ മാനന്തവാടി സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യം കൊലപാതകശ്രമത്തിന് മാത്രമായിരുന്നു ശ്രീകാന്തിന്റെ പേരില്‍ കേസെടുത്തത്. ഉമൈമത്ത് മരിച്ചതിനാല്‍ കേസ് ഇനി കൊലപാതകമായി മാറും.