മണലും ഇനി കിലോക്കണക്കിന്: 30കിലോക്ക് 160 രൂപ, 50 കിലോക്ക് 210 രൂപ
വടക്കാഞ്ചേരി: ഭാരതപ്പുഴയില്‍ കൊച്ചിന് പാലത്തിന് സമീപത്തുള്ള തടയണയോട് ചേര്‍ന്ന് ഔദ്യോഗികമായി 4994 ഘനമീറ്റര്‍ മണല്‍ നീക്കി. സംസ്ഥാന സര്‍ക്കാരിന് ഈ ഇനത്തില്‍ 90 ലക്ഷം രൂപ വരുമാനം ലഭിച്ചു. തൃശ്ശൂര്‍ അഡീഷണല്‍ ഇറിഗേഷന്‍ വിഭാഗത്തിനാണ് ഇതിന്റെ ചുമതല. 15,750 ഘനമീറ്റര്‍ മണല്‍ ഇവിടെനിന്ന് വില്‍പ്പന നടത്താനാണ് സര്‍ക്കാര്‍ അനുമതി. ഇതിന്റെ മൂന്നിലൊന്ന് മണല്‍ മാത്രമാണ് ഇതുവരെ പുഴയില്‍ നിന്ന് നീക്കിയത്.
ചെങ്ങണാംകുന്നിലും വെളിയാങ്കല്ലിലും മണല്‍ വില്‍പ്പനയുടെ ചുമതല പാലക്കാട്, മലപ്പുറം ജില്ലയിലെ അഡീഷണല്‍ ഇറിഗേഷനാണ്. 2018-ലെ പ്രളയത്തെത്തുടര്‍ന്ന് ഭാരതപ്പുഴയിലെ രണ്ട് റെഗുലേറ്ററുകളിലും, കൊച്ചിന് പാലത്തിനു താഴെയുള്ള തടയണയിലും അടിഞ്ഞ മണല്‍ നീക്കുന്നതിനുള്ള നടപടി ഇ-ടെന്‍ഡര്‍ വഴിയാണ് നേരത്തെ പൂര്‍ത്തീകരിച്ചത്. മൂന്നിടങ്ങളിലുമായി പതിനായിരക്കണക്കിന് ക്യുബിക് മീറ്റര്‍ മണല്‍ നീക്കുന്നതിന് 15.19 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ പോയിട്ടുള്ളത്. കൊണ്ടയൂര്‍ ചെങ്ങണാംകുന്ന് റെഗുലേറ്ററിലെ മണല്‍ 9.61 കോടി രൂപയ്ക്കാണ് ലേലത്തിലെടുത്തിട്ടുള്ളത്. വെളിയാങ്കല്ല് റെഗുലേറ്ററില്‍ മൂന്ന് കോടി രൂപയ്ക്കും കൊച്ചിന് പാലത്തിന് താഴെയുള്ള തടയണയില്‍ 2.58 കോടി രൂപയ്ക്കുമാണ് മണല്‍ നീക്കാന്‍ ടെന്‍ഡര്‍ ഉറപ്പിച്ചത്. കേരളത്തിലെ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കാനുള്ള സാങ്കേതിക നടപടി 2017-ല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.
സിമന്റ് പോലെ മണലും
വടക്കാഞ്ചേരി: നിര്‍മാണങ്ങള്‍ക്ക് ഇനി പുഴമണലിനായി നെട്ടോട്ടം ഓടേണ്ട. 30 കിലോ, 50 കിലോ മണല്‍ ചാക്കുകളിലായി വിപണിയില്‍ സിമന്റ്ചാക്കുപോലെ വാങ്ങാനാകും. വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ അത്താണിയിലും വരവൂരിലെ തളിയിലും സാന്‍ഡ്വണ്‍ എന്ന പേരില്‍ കോണ്‍ക്രീറ്റിനും പ്ലാസ്റ്ററിങ്ങിനും ഉപയോഗിക്കാവുന്ന പുഴമണല്‍ ചാക്കുകളിലാക്കി നല്കുന്നു. 30 കിലോ ബാഗിന് 160 രൂപയും 50 കിലോക്ക് 210 രൂപയുമാണ്. ഇത് 5000 കിലോ വാങ്ങുമ്പോള്‍ 18,000 രൂപയ്ക്ക് ലഭിക്കും. ചെറിയ അറ്റകുറ്റപ്പണിക്ക് സിമന്റിനൊപ്പം കടയില്‍നിന്ന് മണലും വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.