കാസർകോട് : കോവിഡ് പെരുമാറ്റച്ചട്ടം സർക്കാർ ഓഫീസുകളിൽ കർശനമാക്കുന്നതിന്റെ ഭാഗമായി ലഘുലേഖയുമായി ബോധവത്കരണത്തിന് സിവിൽ സ്റ്റേഷനുകളിലെ ഓഫീസുകളിൽ നേരിട്ടെത്തി ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു. കോവിഡ് വ്യാപനം കൂടാനുള്ള സാധ്യത മുൻനിർത്തി ഓഫീസുകളിൽ മാസ്ക് ഉപയോഗം കർശനമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലാ കളക്ടർ മുന്നറിയിപ്പില്ലാതെ ഓഫീസുകളിലെത്തിയത്. മാസ്ക് ഇടാതെയും പകുതി താഴ്ത്തിയും ഓഫീസുകളിൽ ഇരുന്നവർക്ക് കളക്ടർ കർശന മുന്നറിയിപ്പ് നൽകി. പ്രതിരോധ കുത്തിവെപ്പ് എടുത്തെങ്കിലും കോവിഡിനോട് അലസ മനോഭാവം പാടില്ലെന്ന മുന്നറിയിപ്പായി സിവിൽ സ്റ്റേഷനിലെ പടികൾ കയറിയിറങ്ങി വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കളക്ടർ നടത്തിയ സന്ദർശനം. കളക്ടറേറ്റിൽ മുഴുവൻ സെക്ഷനുകളിലും വിവിധ വകുപ്പുകളുടെ പത്തോളം ഓഫീസുകളിലും കളക്ടർ നേരിട്ടെത്തി.
ജില്ലാ മാസ്മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സയന, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റൻറ് എഡിറ്റർ പി.പി. വിനീഷ് എന്നിവർ കളക്ടറെ അനുഗമിച്ചു.
ജീവനക്കാർക്കായി നൽകിയ പ്രധാന നിർദേശങ്ങൾ:
* ഓഫീസിലെ മുഴുവൻ ജീവനക്കാരും മൂക്കും വായും മറയത്തക്ക വിധം ശരിയായ രീതിയിൽ മാസ്ക് ധരിക്കുക.
* ജീവനക്കാർ തമ്മിലും ഓഫീസിൽ വരുന്ന പൊതുജനങ്ങൾ തമ്മിലും ചുരുങ്ങിയത് രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുക.
* ജീവനക്കാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ജന്മദിനാഘോഷം, യാത്രയയപ്പ് ചടങ്ങ്, അവാർഡ് ദാന ചടങ്ങ് എന്നിവയും ഒഴിവാക്കുക.
* ഔദ്യോഗിക യോഗങ്ങൾ, മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കാനുള്ളവരുടെ എണ്ണം പരിമിതപ്പെടുത്തുക, ശാരീരിക അകലം ഉറപ്പാക്കുക.
* ഓഫീസുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം കോവിഡ്-19 നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കുക.
* ജീവനക്കാർ കോവിഡ് മാനദണ്ഡം പാലിക്കുന്നത് ഉറപ്പാക്കാൻ എല്ലാ ഓഫീസിലും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തുക