സഹോദരിമാരെയും പെൺമക്കളെയും രക്ഷിക്കാൻ ബംഗാളിൽ ബി ജെ പി അധികാരത്തിലെത്തിയാൽ ആന്റി റോമിയോ സ്ക്വാഡുകൾ , ഉറപ്പ് നൽകി യോഗി ആദിത്യനാഥ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വന്നാൽ സഹോദരിമാരെയും പെൺമക്കളെയും രക്ഷിക്കുന്നതിനായി ആന്റി റോമിയോ സ്ക്വാഡുകളെ ഉറപ്പായും നിയോഗിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സ്വാഡ് രൂപീകരിക്കുന്നതോടെ പെൺകുട്ടികളെ ശല്യം ചെയ്യുന്ന എല്ലാ തൃണമൂൽ കോൺഗ്രസ് ശല്യക്കാരെയും അഴിയെണ്ണിക്കുമെന്നും അദ്ദേഹം പറഞ്ഞു.യു പിയിൽ 2017ൽ അധികാരത്തിൽ വന്നയുടൻ യോഗി ആദിത്യനാഥ് നടപ്പിലാക്കിയ പൊലീസ് വിഭാഗമാണ് ആന്റി റോമിയോ സ്ക്വാഡ്. രണ്ട് അംഗങ്ങൾ വീതമുള്ള ഈ വിഭാഗം ഓരോ പൊലീസ് സ്റ്റേഷനിലും മൂന്ന് യൂണിറ്റെങ്കിലും ഉണ്ടാവും. സ്കൂൾ കോളേജ് പരിസരങ്ങളിലും നിരത്തുകളിലം പെൺകുട്ടികളെയും സ്ത്രീകളെയും ശല്യം ചെയ്യുന്ന ആളുകളെ കണ്ടെത്തി ശിക്ഷാ നടപടികൾക്ക് വിധേയരാക്കുക എന്നതാണ് ഈ സ്ക്വാഡിന്റെ ജോലി. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്ന ഈ വിഭാഗത്തിൽ വനിത പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. യൂണിഫോമിലും മഫ്തിയിലും അവർ ഡ്യൂട്ടിയിൽ ഏർപ്പെടാറുണ്ട്.അതേസമയം യോഗി പങ്കെടുത്ത തിരഞ്ഞെടുപ്പ് പരിപാടികളിലെല്ലാം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നിശിതമായി വിമർശിക്കുന്നുണ്ട്. മെയ് രണ്ടിന് ശേഷം ദിദി ‘ജയ് ശ്രീ റാം’ എന്ന് പറയാൻ തുടങ്ങുമെന്ന് കൃഷ്ണരാംപൂരിൽ പരിപാടിയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. ജയ് ശ്രീ രാമന്റെ മുദ്രാവാക്യങ്ങൾ കേൾക്കുമ്പോഴെല്ലാം എന്തിനാണ് പ്രകോപിതനാകുന്നത് എന്ന് യോഗി മുൻപ് ചോദിച്ചിരുന്നു. ബംഗാളിൽ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധങ്ങളിൽ അക്രമികളെ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്, അതിൽ ആദ്യത്തെ മൂന്ന് ഘട്ടം കഴിഞ്ഞിരുന്നു. 294 അംഗ സംസ്ഥാന നിയമസഭയുടെ ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കും.