കൊച്ചി: തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ ലവ് ജിഹാദ് ആരോപണവുമായി അഭിഭാഷകൻ. ഹൈക്കോടതി അഭിഭാഷകനായ ആര് കൃഷ്ണരാജാണ് വിദ്യാര്‍ത്ഥികൾക്കെതിരെ വര്‍ഗീയ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഡാൻസിൽ എന്തോ പന്തികേട് മണക്കുന്നുവെന്നാണ് അഭിഭാഷകൻ പറയുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.
“ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.” എന്നാണ് കൃഷ്ണരാജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
പ്രമോദ് കുമാർ സിപിയുടെ സോഷ്യൽ മീഡിയ പ്രതികരണം
“നല്ല ഡാൻസ്, ഞാൻ ഒരു പാട് തവണ കണ്ടു. ഷെയർ ചെയ്യുകയും ചെയ്തു. ഇതിൽ എന്താ ഇത്ര പന്തിക്കേട് എന്ന് ഒരു പിടിയും കിട്ടുന്നില്ല. ചെക്കൻ മുസ്ലീം നാമധാരിയും പെണ്ണ് ഹിന്ദു നാമധാരിയും ആയതാണ് പ്രശ്നമെങ്കിൽ അത് അത്തരത്തിൽ നോക്കി കാണുന്നവരുടെ പ്രശ്നമാണ്. എല്ലാം ഒരു കണ്ണോട് കൂടി കാണരുത്. വ്യത്യസ്ത മതസ്ഥർക്ക് നല്ല സുഹൃത്ത്ക്കൾ ആവാനും ഒരുമിച്ച് പാടാനും ആടാനും പാടില്ലേ.” എന്നാണ് പ്രമോദ് കുമാർ സിപി എന്നയാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.
റനീൻ ഫൈസലിന്റെ സോഷ്യൽ മീഡിയ പ്രതികരണം
“ഹിന്ദു ആണ്‍കുട്ടികൾ വേഗം ഡാൻസ് പഠിക്കണം. ഹിന്ദു യുവതികൾ ഡാന്‍സിന്റെ പേരു പറഞ്ഞു മുസ്ലിം ചെറുപ്പക്കാരുടെ കൂടെ പോകാതിരിക്കാൻ ഇത് സഹായിക്കും. എന്റെ പേരു് നോക്കി നെറ്റി ചുളിക്കണ്ട. മുസ്ലിം ആണെങ്കിലും സത്യം വിളിച്ചു പറയാൻ എനിക്ക് മടിയില്ല.” എന്നാണ് റനീൻ ഫൈസൽ എന്നയാൽ പോസ്റ്റിനെ പരിഹസിച്ചിരിക്കുന്നത്
ഡോ ജിനേഷ് പിഎസ് കൃഷ്ണരാജിന്റെ സോഷ്യൽ മീഡിയ പ്രതികരണം
“രണ്ടു മെഡിക്കൽ വിദ്യാർഥികൾ ഒരുമിച്ച് മനോഹരമായ ഒരു ഡാൻസ് കളിച്ചു. സാധാരണ ആരും അത് ആസ്വദിക്കും. അതിനുപകരം ഇമ്മാതിരി വൃത്തികേട് ചിന്തിക്കുന്ന തന്നെയൊക്കെ എന്ത് പറയാനാണ്.” എന്നാണ് ഡോ ജിനേഷ് പിഎസ് കൃഷ്ണരാജിന്റെ പോസ്റ്റിന് മറുപടി പറഞ്ഞിരിക്കുന്നത്.
https://www.instagram.com/p/CMxAI3Ogbd5/?utm_source=ig_embed&utm_campaign=embed_video_watch_again