ഒരിക്കൽ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.
ആശങ്കപരത്തി സംസ്ഥാനങ്ങളിൽ കൊവിഡ് അതിതീവ്ര വ്യാപനം, അടുത്ത മൂന്നാഴ്ച കേരളത്തിന് നിർണായകം
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് 19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്നതിനാൽ കേരളത്തിലും എല്ലാവരും ഒരിക്കൽ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കേരളം ഒറ്റമനസോടെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളാലാണ് കൊവിഡ് വ്യാപനം വളരെയധികം കുറച്ച് കൊണ്ടുവരാൻ സാധിച്ചത്. ഓണവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുകയും ചികിത്സയിലുള്ളവരുടെ എണ്ണം 70,000ത്തിന് മുകളിൽ ഉയരുകയും ചെയ്തിരുന്നു.ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ജാഗ്രത കൂട്ടണമെന്ന മുന്നറിയിപ്പാണ് സർക്കാർ നൽകുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാൽ തന്നെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിർണായകമാണ്. സംസ്ഥാനത്ത് കൊവിഡ്19 വർധിക്കുന്ന സാഹചര്യത്തിൽ ബാക് ടു ബേസിക്സ് കാമ്പയിൻ ശക്തിപ്പെടുത്താനാണ് സർക്കാർ തീരുമാനം. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കൊവിഡ് പ്രതിരോധത്തിൽ ആദ്യം പഠിച്ച പാഠങ്ങൾ വീണ്ടുമോർക്കണമെന്നതാണ് ഇത്. ആരും സോപ്പും മാസ്കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിക്കേണ്ടതാണ്. മാസ്ക് നൽകുന്ന സുരക്ഷ പരമ പ്രധാനമാണെന്നത് ഓർക്കണം. അതിനാൽ പൊതുസ്ഥലത്ത് തന്നെ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. കൊവിഡിന്റെ അണുക്കളെ നശിപ്പിക്കാൻ ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസർ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കേണ്ടതാണ്.അതേസമയം പ്രതിദിന കൊവിഡ് പരിശോധനകൾ വർധിപ്പിക്കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. ആർടിപിസിആർ പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്. സിറോ സർവയലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേർക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകൾക്കും കൊവിഡ് വന്നിട്ടില്ലാത്തതിനാൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവർ കഴിയുന്നതും വേഗത്തിൽ കൊവിഡ് വാക്സിനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേർ ആദ്യ ഡോസ് വാക്സിനും 4,47,233 പേർ രണ്ടാം വാക്സിനും ഉൾപ്പെടെ ആകെ 42,03,984 പേരാണ് വാക്സിനെടുത്തിട്ടുള്ളത്.തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കും വോട്ടിടാൻ പോയ പൊതുജനങ്ങൾക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ എത്രയും വേഗം കൊവിഡ് പരിശോധന നടത്തേണ്ടതാണ്. പ്രായമുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കും കൊവിഡ് ബാധിച്ചാൽ സങ്കീർണമാകും. അതിനാൽ തന്നെ ബാക് ടു ബേസിക്സ് കാമ്പയിൻ എല്ലാവരും ഏറ്റെടുക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് ഓർമ്മിപ്പിക്കുന്നു.