കൊവിഡ് വഷളായവർ കിടക്കുന്നത് വെറുംനിലത്ത്, ആശുപത്രിയിൽ പ്രവേശനം കാത്ത് കിടക്കുന്നവർ സ്ട്രെച്ചറിൽ; ഗുജറാത്തിലെ ആശുപത്രിയിലെ
നടുക്കുന്ന രംഗങ്ങൾ
ഇങ്ങനെ..
അഹമ്മദാബാദ്: രണ്ടാംഘട്ട കൊവിഡ് വ്യാപനം ശക്തിപ്രാപിക്കുന്ന ഗുജറാത്തിൽ കൊവിഡ് രോഗികൾക്ക് നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടുന്ന പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. ഭാവ്നഗറിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്നുളള ഞെട്ടിക്കുന്ന രംഗങ്ങളാണ് പുറത്തുവന്നത്. ഗുജറാത്തിൽ നിന്നുളള കോൺഗ്രസ് എം.പി ശക്തിസിംഗ് ഗോഹിലാണ് കൊവിഡ് രോഗികൾ നിറഞ്ഞ ആശുപത്രിയിൽ ജനങ്ങൾ സ്ട്രെച്ചറിലും നിലത്തും കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്.ഒരു മിനുട്ട് ദൈർഘ്യമുളള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനായി സ്ട്രെച്ചറിൽ കാത്തുകിടക്കുന്ന രോഗികളെയും കാണാം. കിടക്കകൾ ആവശ്യമുളളവർക്ക് അവ നൽകിയില്ലെന്നും ശക്തിസിംഗ് ആരോപിക്കുന്നുണ്ട്. ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്ത അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപ മുഖ്യമന്ത്രി നിതിൻ പട്ടേൽ, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവയെ ടാഗ് ചെയ്യുകയും ചെയ്തു.സംസ്ഥാനത്തെ കൊവിഡ് സ്ഥിതി രൂക്ഷമാണെങ്കിലും എല്ലാം നന്നായി പോകുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ശക്തിസിംഗ് ഗോഹിൽ ആരോപിച്ചു. വീഡിയോ വൈറലായതോടെ ശിവസേന നേതാക്കൾ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധനെതിരെ ആരോപണവുമായി രംഗത്തെത്തി. കേന്ദ്ര മെഡിക്കൽ ടീമിനെ സംസ്ഥാനത്തേക്ക് അയക്കാതെ മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് ശിവസേന ആരോപിച്ചു.ഗുജറാത്തിൽ ഈ അടുത്തകാലത്ത് ഏറ്റവുമധികം കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ് 3575. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,28,453 ആയി. മരണനിരക്ക് 4620 ആയി. 20 നഗരങ്ങളിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. രാത്രി എട്ട് മുതൽ പുലർച്ചെ ആറ് വരെയാണിത്. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് എന്നീ വലിയ നഗരങ്ങളിൽ കർഫ്യു മുൻപ് തന്നെ നിലവിലുണ്ട്. ഭവ്നഗർ, ജുനഗഡ്, ഗാന്ധി നഗർ,ജാംനഗർ,മെഹ്സാന, മോർബി, അനന്ദ്, നദിയാദ്, ദഹോദ്, ഭുജ്, ഗാന്ധിഥാം, ഭറൂച്, പഠാൻ, ഗോധ്ര, സുരേന്ദ്ര നഗർ, അംറേലി എന്നീ നഗരങ്ങളിലാണ് രാത്രികാല നിരോധനം നിലവിൽ വന്നത്.രാഷ്ട്രീയമോ സാമൂഹികമോ ആയ ഒത്തുചേരലുകൾ ഏപ്രിൽ 30 വരെ സർക്കാർ നിരോധിച്ചിരിക്കുകയാണ്. വിവാഹത്തിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 100 ആയി കുറച്ചു. മറ്റ് ഒത്തുചേരലുകളിൽ 50 പേരെ മാത്രമേ അനുവദിക്കൂ.