കറുപ്പിനെ അങ്ങനെ തന്നെ പറയും; വിവാദ പരാമര്‍ശത്തില്‍ വീണ്ടും പ്രതിരോധവുമായി കോണ്‍ഗ്രസ് എംഎല്‍എ
ബെംഗളുരു: ജെഡിഎസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തിന് വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ്. കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാന്റെ പരാമര്‍ശമാണ് വിവാദമായത്. കറുപ്പ് കുമാരസ്വാമി എന്നായിരുന്നു ബിദറിലെ ബാസവകല്യാണില്‍ നടന്ന യോഗത്തില്‍ സമീര്‍ അഹമ്മദ് ഖാന് പറഞ്ഞത്. മാര്‍ച്ച് 30ന് നടത്തിയ പരാമര്‍ശത്തിനെതിരെ യുവ ജെഡിഎസ് അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. ചാംരാജ്പേട്ടെ എംഎല്‍എയ്ക്കെതിരെ വസതിയ്ക്ക് വെളിയിലും പ്രതിഷേധം നടന്നിരുന്നു.
ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി എംഎല്‍എ എത്തുന്നത്. തന്റെ പരാമര്‍ശത്തെ പ്രതിരോധിക്കുന്ന പരാമര്‍ശമാണ് എംഎല്‍എ വീണ്ടും നടത്തിയിട്ടുള്ളത്. കുമാരസ്വാമി വെളുത്ത നിറമുള്ള ആളാണെങ്കില്‍ കറുത്തവന് എന്ന പരാമര്‍ശം അധിക്ഷേപിക്കുന്നതിന് തുല്യമായേനെ. എന്നാല്‍ കറുത്ത ആളെ കറുത്ത ആളെന്നേ താന്‍ വിളിക്കൂ. ആളുകള്‍ എന്നെ നീളം കുറഞ്ഞയാള്‍ എന്നാണ് വിളിക്കുന്നത്. ദൈവം തങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണ്. അതിനാല്‍ കറുത്തതിനെ കറുപ്പ് എന്ന് തന്നെയേ വിളിക്കൂവെന്നാണ് എംഎല്‍എയുടെ വിശദീകരണം.
എന്നാല്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് സമീര്‍ അഹമ്മദ് ഖാനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് ജെഡിഎസ്. ബെംഗളുരു പൊലീസ് കമ്മീഷണര്‍ കമാല്‍ പന്തിന് ഇത് സംബന്ധിച്ച പരാതി ജെഡിഎസ് നല്‍കിയിട്ടുണ്ട്. സമീര്‍ അഹമ്മദ് ഖാന്റെ വിവാദ പ്രസംഗത്തിന്റെ സിഡി അടക്കമാണ് ജെഡിഎസ് പരാതി നല്‍കിയിരിക്കുന്നത്. സമൂഹത്തിലെ സമാധാനം നശിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ പരാമര്‍ശമെന്നാണ് ജെഡിഎസ് പരാതിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ജെഡിഎസ് പ്രവര്‍ത്തകര്‍ ഖാന്റെ വസതിക്ക് വെളിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.