കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തലഭാഗവും സ്റ്റീൽ ബോംബും കണ്ടെത്തി
.
കണ്ണൂര്‍: കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തല ഭാഗവും സ്റ്റീൽ ബോംബും കണ്ടെത്തി. നാല് ബോംബുകളും കട്ടൗട്ടിൻ്റെ തല ഭാഗവും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ബോംബ് നിർമ്മാണ സാമഗ്രികളും സമീപത്ത് നിന്നും കണ്ടെടുത്തു. മമ്പറം ടെലഫോൺ എക്സേഞ്ചിന് പിറക് വശത്താണ് ഇവ കണ്ടെത്തിയത്.
മമ്പറത്ത് സ്ഥാപിച്ചിരുന്ന പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്നാണ് തല ഭാഗം വെട്ടി മാറ്റിയത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം. തോൽക്കുമെന്ന് ആയപ്പോൾ വലതുപക്ഷ ശക്തികൾ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചിരുന്നു. കട്ടൗട്ടിന്റെ തല വെട്ടിയവരുടെ വികൃത മനസ്സും ദുഷ്ട ചിന്തയുമാണ് തെളിഞ്ഞു കാണുന്നതെന്നും പ്രകോപനം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും ജയരാജൻ വിമര്‍ശിച്ചിരുന്നു.