സൈക്കിള്‍ മോഷ്ടിച്ചതിന് പിടിയിലായ മൂന്നാം ക്ലാസുകാരന് പൊലീസിന്റെ വക സൈക്കിള്‍
അയല്‍വീട്ടിലെ പുത്തന്‍ സൈക്കിള്‍ മോഷണക്കേസില്‍ പിടിയിലായ മൂന്നാം ക്ലാസുകാരന് പുത്തന്‍ സൈക്കിള്‍ വാങ്ങി നല്കി പൊലീസുകാര്‍. പാലക്കാട് ഷോളയൂരിലാണ് സംഭവം. പുതിയ സൈക്കിള്‍ കാണുന്നില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു പരിഹാരം പൊലീസ് കണ്ടെത്തിയത്. സൈക്കിള്‍ ഓടിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാനാവാതെ വന്നതോടെയാണ് അയല്‍വീട്ടിലെ സൈക്കിള്‍ മൂന്നാം ക്ലാസുകാരന് എടുത്തത്.
എന്നാല്‍ അയല്‍വീട്ടുകാര്‍ സൈക്കിള്‍ മോഷണം പോയതായി പൊലീസില്‍ പരാതി നല്കി. സംഭവങ്ങളുടെ കിടപ്പ് മനസിലായ ഷോളയൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ വിനോദ് കൃഷ്ണ പരാതിക്കാര്‍ക്ക് സൈക്കിള്‍ തിരികെ നല്കി പരാതി പരിഹരിച്ചു. സൈക്കിള്‍ എടുത്തുകൊണ്ടുപോയ മൂന്നാം ക്ലാസുകാരന് പുതിയൊരു സൈക്കിളും വാങ്ങി നല്കി. പൊലീസുകാര്‍ സൈക്കിള്‍ വാങ്ങാനെത്തിയ കടയുടമയാണ് സംഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.