രാഷ്ട്രീയം രണ്ടാമത്, സമുദായം ഒന്നാമത്; പത്തനംതിട്ടയില്‍ വിധിയെഴുതുക സാമുദായിക വോട്ടുകള്‍
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയത്തിനും രണ്ടാം സ്ഥാനം. വിജയികളെ നിര്‍ണയിക്കുക സാമുദായിക വോട്ടുകള്‍ തന്നെയാകും. ജില്ലയുടെ ചരിത്രത്തിലാദ്യമായിട്ടാണ് സാമുദായിക ധ്രുവീകരണം വിധി നിര്‍ണയിക്കുന്നത്.
അഞ്ചു സീറ്റും തൂത്തുവാരുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നത് ഈയൊരു സാഹചര്യത്തിലാണ്. 5-0 ലീഡ് നിലനിര്‍ത്തുമെന്ന് എല്‍.ഡി.എഫ് പറയുന്നുണ്ടെങ്കിലും ആത്മവിശ്വാസം അത്ര പോരാ. റാന്നിയിലും കോന്നിയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ മാത്രമേ എന്‍.ഡി.എയ്ക്ക് കഴിയൂവെന്നതും ഏറെക്കുറെ വ്യക്തം.
ശബരിമലയായിരുന്നു ജില്ലയിലെ മുഖ്യപ്രചാരണായുധം. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയുമടങ്ങുന്ന ദേശീയ നേതാക്കളും എന്‍.ഡി.എ-യു.ഡി.എഫ് മുന്നണികളുടെ സംസ്ഥാന നേതാക്കളും ശബരിമലയിട്ട് അമ്മാനമാടി. പക്ഷേ, വോട്ടിങ് മെഷിനില്‍ ശബരിമല കാര്യമായി പതിഞ്ഞിട്ടില്ല എന്നു തന്നെയാണ് വോട്ടിങ് പാറ്റേണ്‍ വ്യക്തമാക്കുന്നത്.
റാന്നിയിലും കോന്നിയിലും ക്രൈസ്തവ വോട്ടുകള്‍ ഏകീകരിച്ചു. ഇവിടെ രണ്ടിടത്തും യു.ഡി.എഫിന് മാത്രമാണ് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥി ഉണ്ടായിരുന്നത്. എന്‍.ഡി.എയ്ക്കും എല്‍.ഡി.എഫിനും സ്ഥാനാര്‍ഥികള്‍ ഹൈന്ദവരായിരുന്നു. കോന്നിയില്‍ കെ. സുരേന്ദ്രനും കെ.യു. ജനീഷ് കുമാറും ഈഴവ സമുദായത്തിന്റെ വോട്ടുകള്‍ പങ്കിട്ടു.
റാന്നിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ പത്മകുമാര്‍ ഈഴവ വോട്ടുകളില്‍ പകുതിയും നേടിയതായി കണക്കാക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രമോദ് നാരായണന് നായര്‍ സമുദായത്തില്‍ നിന്നുള്ള എത്ര വോട്ട കിട്ടിയെന്ന് അറിയണമെങ്കില്‍ ഫലം വരണം. എല്‍.ഡി.എഫില്‍ രാജു ഏബ്രഹാമിന് സീറ്റ് നിഷേധിച്ചതിന്റെ പ്രതിഷേധം ക്നാനായ സഭയിലുണ്ട്. ഈ സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ ഏറെക്കുറെ ചെയ്തിട്ടില്ല.
ആറന്മുളയില് ഓര്‍ത്തഡോക്സ് വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു മാത്യുവിനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനുമായി വിഭജിക്കപ്പെട്ടു. എന്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വോട്ടില്‍ ഭൂരിഭാഗവും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായര്‍ക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അടൂരില്‍ ചിറ്റയം ഗോപകുമാറിനെ യു.ഡി.എഫ് വെല്ലുവിളിക്കുന്നത് സഹതാപ വോട്ട് കൊണ്ടാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണനെതിരേ എല്‍.ഡി.എഫ് അഴിച്ചു വിട്ട സൈബര്‍ ആക്രമണവും വ്യക്തിഹത്യ പ്രചാരണവും തിരിച്ചടിച്ചുവെന്ന് കരുതണം. രക്താര്‍ബുദം ബാധിച്ച മകനുമായി കണ്ണന് ആര്.സി.സിയില്‍ ചികില്‍സയ്ക്ക് പോയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. കണ്ണന് കുഞ്ഞിന്റെ രോഗം വച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് രൂക്ഷമായ സൈബര്‍ ആക്രമണം എല്‍.ഡി.എഫ് അഴിച്ചു വിട്ടത് തിരിച്ചടിച്ചു.
തിരുവല്ലയില്‍ ജോസഫ് എം. പുതുശേരിക്കും വിക്ടര്‍ ടി. തോമസിനും സീറ്റ് നിഷേധിച്ച് കേരളാ കോണ്‍ഗ്രസ് നടത്തിയ നീക്കം ഫലം കണ്ടു. ഓര്‍ത്തഡോക്സ് സമുദായാംഗമായ കുഞ്ഞുകോശി പോളിന് വേണ്ടി സഭ ഒറ്റക്കെട്ടായി വോട്ട് ചെയ്തുവെന്നാണ് സൂചന. പോളിങ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് പതിവു പോലെ എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നുണ്ട്.