പെരിങ്ങത്തൂരില്‍ സിപി എം ഓഫീസുകള്‍ക്ക് തീയിട്ട് ലീഗ് അക്രമം; ഇരുപതോളം ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കണ്ണൂർ :പെരിങ്ങത്തൂരില്‍ സിപിഐ എം ഓഫീസുകള്‍ക്ക് തീയിട്ടും രക്തസാക്ഷി സ്തൂപവും ആക്രമിച്ചും ലീഗ് നടത്തിയ ആക്രമണത്തില്‍ ഇരുപതോളം ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.
ചൊക്ലി പൊലീസാണ് ഇരുപതോളം ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ ലീഗ് പ്രവര്‍ത്തകരില്‍ 5 പേര് നാദാപുരം സ്വദേശികളാണ്.
സിപിഐ എം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍, ആച്ചുമുക്ക് ബ്രാഞ്ച് ഓഫീസുകളും ലീഗ് കഴിഞ്ഞ ദിവസം കത്തിച്ചു. നിരവധി ബ്രാഞ്ച് ഓഫീസുകളും കടകളും രക്തസാക്ഷി സ്തൂപവും ആക്രമിച്ചു. സായുധ ലീഗ് ക്രിമിനല്‍സംഘം ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അക്രമം തുടങ്ങിയത്.
മോന്താലില്‍നിന്ന് വിലാപയാത്ര പുറപ്പെട്ടതുമുതല്‍ കണ്ണില്‍കണ്ടതെല്ലാം തകര്‍ക്കുകയും തീയിടുകയുമായിരുന്നു. സിപിഐ എം പതാകകളും കൊടിമരങ്ങളും രക്തസാക്ഷി സ്തൂപവുമെല്ലാം തകര്‍ത്തു.
ബാവാച്ചി റോഡിലുള്ള പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് ഫര്‍ണിച്ചറും രേഖകളും കൂട്ടിയിട്ട് കത്തിച്ചത്. ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു.
സിപിഐ എം പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും ആച്ചുമുക്ക് ബ്രാഞ്ച് ഓഫീസും തീയിട്ട് നശിപ്പിച്ച ലീഗുകാര്‍ പെരിങ്ങത്തൂര്‍ ടൗണിലെ ചായക്കടയും ദിനേശന്റെ കടയുമടക്കം നിരവധി സ്ഥാപനങ്ങള്‍ ആക്രമിച്ചു. പെരിങ്ങത്തൂര്‍, പുല്ലൂക്കര മേഖലകളില്‍ രാത്രി വൈകിയും അക്രമം തുടര്‍ന്നു.