ദാവൂദിന്റെ ഡി കമ്പനി പോലെ വെട്ടാനും കൊല്ലാനും പിണറായിയുടെ പി കമ്പനി ആഞ്ഞടിച്ച് കെ.എം ഷാജി
കണ്ണൂർ: മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പോലെ കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ പി കമ്പനിയാണ് നിലവിലുള്ളതെന്ന് കെ.എം ഷാജി. പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ കണ്ണൂർ കലക്ട്രറേറ്റിന് മുന്നിൽ സംഘടിപ്പിച്ച യു.ഡി.എഫ് പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെട്ടാനും കൊല്ലാനും അണികളെ നിർത്തുകയും അധികാരത്തിൽ പാവപ്പെട്ടവന്റെ പണമെടുത്ത് അവരുടെ കേസുകൾ നടത്തിക്കൊടുക്കുകയും ചെയ്യുന്ന ക്രിമിനലുകളാണ് ഈ രാജ്യത്തുള്ളത്. ഇവരെ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലുള്ള ജനകീയ പ്രതിഷേധമാണ് ഉയർന്ന് വരേണ്ടതെന്ന് ഷാജി പറഞ്ഞു.
കൊലപാതകം ആസൂത്രിതമല്ല എന്നാണ് എംവി ജയരാജൻ പറയുന്നത്. ആ പ്രതികളെയും രക്ഷിക്കാൻ സി.പി.എം തയ്യാറെടുത്തു കഴിഞ്ഞു എന്നതിന്റെ ലക്ഷണമാണ് അദ്ദേഹത്തിന്റെ പത്ര സമ്മേളനം. ഇങ്ങനെ കുറേ ഗുണ്ടകളായ നേതാക്കന്മാരുണ്ടായാൽ എന്താണ് സംഭവിക്കുക എന്ന് കേരളം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. കൊള്ളാവുന്ന കുടുംബ പശ്ചാത്തലമുള്ള ആരെങ്കിലും കൊലക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ? അവർ സുഖമായി കഴിയുകയല്ലേ? അണികളുടെ വീട്ടിൽ നിത്യ ചെലവിനുള്ള പണം കൊടുത്താണ് ഗുണ്ടകളെ ഇറക്കുന്നതെന്നും ഷാജി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വേണ്ടി കൂത്തുപറമ്പിൽ അടക്കം സംസാരിച്ച കുറേ സാംസ്കാരിക നായകന്മാരുണ്ട്. അവരെപ്പോലെ വൃത്തികെട്ട ആളുകൾ കേരളത്തിൽ വേറെ ആരാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.