45 വയസ് കഴിഞ്ഞവര്‍ക്ക് തൊഴിലിടങ്ങളിലും വാക്സീന് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍
ദില്ലി: ജോലി സ്ഥലങ്ങളില്‍ വച്ച് വാക്സീന് നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് ബാധ വീണ്ടും ഭീതി ഉയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ജോലിസ്ഥലത്ത് വാക്സീന് എടുക്കാം. എന്നാല്‍ 45 വയസ് കഴിഞ്ഞ നൂറ് പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തില്‍ വാക്സീന് എടുക്കാന്‍ കഴിയൂ. ഏപ്രില്‍ 11 മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക.
അതിനിടെ സംസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് രംഗത്തെത്തി. ചില സംസ്ഥാനങ്ങള്‍ ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. സംസ്ഥാനങ്ങള്‍ തങ്ങളുടെ പരാജയം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. വാക്സീന് ദൗര്‍ബല്യം നേരിടുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണം സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നു. വാക്സീന് വിതരണം സംബന്ധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതികരണം, കൊവിഡ് വ്യാപനം തടയാന്‍ ആകാത്ത പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.