തിരുവനന്തപുരം: കൈകഴുകുന്നതിനിടെ കുളിമുറിയിലുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണ് മൂന്ന് വയസുകാരി മരിച്ചു. കരുംകുളം പുതിയതുറ ആർ.ടി ഹൗസിൽ ബാസ്റ്റിൻ – മിനി ദമ്പതികളുടെ ഏകമകൾ നിവിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. സംഭവത്തെപ്പറ്റി പൊലീസ് ;
കുറച്ചുനാൾ മുമ്പ് ബാസ്റ്റിൻ മിനിയെ ഉപേക്ഷിച്ച് പോയി. മിനിക്ക് കൊല്ലത്തെ ഒരു മത്സ്യക്കമ്പനിയിൽ ജോലിയുള്ളതിനാൽ മകളെ പുതിയതുറയിലെ സഹോദരിയോടൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്.സഹോദരിയുടെ മക്കൾക്കൊപ്പം വീട്ടിന് പുറത്തുനിന്ന് കളിക്കുന്നതിനിടയിൽകൈയിൽപ്പറ്റിയ മണ്ണ് കഴുകിക്കളയാനായി വീടിനുള്ളിലെ കുളിമുറിയിലേക്ക് നിവി കയറുകയായിരുന്നു.
ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതോടെ മിനിയുടെ സഹോദരി കുളിമുറിയിൽ കയറി നോക്കുമ്പോഴാണ് കുട്ടി ബക്കറ്റിൽ തലകീഴായിക്കിടക്കുന്നത് കണ്ടത്. ഉടനേ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം പുതിയതുറ സെന്റ് നിക്കോളസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു. കാഞ്ഞിരംകുളം പൊലീസ് കേസ് എടുത്തിട്ടുണ്ട്.