വയോധികയുടെ സ്വർണാഭരണം മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റിൽ
കൊരട്ടി: കൊരട്ടിയിൽ കിടപ്പിലായ വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഹോംനഴ്സിനെ പൊലീസ് പിടികൂടി. കൊട്ടാരക്കര സ്വദേശിനി സൂര്യകുമാരി (38)യെയാണ് പോലീസ് പിടികൂടിയത്.
കട്ടപ്പുറം സ്വദേശിനിയായ 80 കാരിയുടെ 2 പവൻ തൂക്കമുള്ള സ്വർണ വളകളാണ് ഇവർ മോഷ്ടിച്ചത്. വയോധികയുടെ ഭർത്താവ് വോട്ട് ചെയ്യുന്നതിനായി പുറത്ത് പോയ സമയത്തായിരുന്നു മോഷണം.
തിരികെയെത്തിയപ്പോൾ സൂര്യകുമാരിയെ കൈകൾ പുറകിലായി ബന്ധിച്ച നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തി. വിവരം തിരക്കിയപ്പോൾ കാറിലെത്തിയ പ്രാർഥനാ സംഘത്തിലെ രണ്ടുപേർ ഇവിടെ വന്നെന്നും തന്നെ കെട്ടിയിട്ട ശേഷം വളകൾ മോഷ്ടിച്ചെന്നുമായിരുന്നു സൂര്യകുമാരി പറഞ്ഞത്.
എന്നാൽ സമീപവാസികളോട് ചോദ്യം ചെയ്തപ്പോൾ ഇത്തരത്തിൽ ആരും വന്നതായി കണ്ടില്ല എന്നായിരുന്നു മൊഴി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ സൂര്യകുമാരി കുറ്റം സമ്മതിക്കുകയായിരുന്നു.