വോട്ട് ചെയ്യാൻ തയ്യാറായവരെ ഈരാറ്റുപേട്ടയിൽ എസ് ഡി പി ഐക്കാർ ഭീഷണിപ്പെടുത്തി; ഹിന്ദുക്കളും ക്രിസ്ത്യാനികളും പതിവില്ലാത്ത രീതിയിൽ പിന്തുണച്ചുവെന്ന് പി സി ജോർജ്
കോട്ടയം: പൂഞ്ഞാറിൽ ഈരാറ്റുപേട്ട ഇത്തവണ ചതിച്ചെന്ന് പി സി ജോർജ്. ഈരാറ്റുപേട്ടയിൽ പിന്നിൽ പോകും. മറ്റെല്ലായിടങ്ങളിലും മുൻതൂക്കം ഉണ്ടാകും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പി സി ജോർജ് പറഞ്ഞു. വോട്ട് ചെയ്യാൻ തയ്യാറായവരെ ഈരാറ്റുപേട്ടയിൽ എസ് ഡി പി ഐക്കാർ ഭീഷണിപ്പെടുത്തി. ഇതിന് സി പി എം പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.സംസ്ഥാനത്ത് തൂക്ക് സഭ ആയിരിക്കും വരുന്നത്. യു ഡി എഫിന്റെ പിന്തുണ തേടി അങ്ങോട്ട് പോയിട്ടില്ല. തൂക്ക് സഭ വന്നാൽ ആരെ പിന്തുണക്കുമെന്ന് ആലോചിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഭാഗത്ത് നിന്ന് പതിവില്ലാത്ത രീതിയിൽ കൂടുതൽ പിന്തുണ പൂഞ്ഞാറിൽ ഉണ്ടായിട്ടുണ്ട്. പാലായിൽ ജോസ് കെ മാണി വിരുദ്ധ വികാരം ഉണ്ടായിരുന്നു എന്നും തിരഞ്ഞെടുപ്പിൽ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോർജ് പറഞ്ഞു.ശബരിമല വിഷയം കാരണമാണ് ഇടതുമുന്നണിയുടെ തുടർഭരണ സാദ്ധ്യത ഇല്ലാതായത്. ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റിയത് കൊണ്ടാണ് നാട് നശിച്ചത്. പുതുപ്പളളിയിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പി സി ജോർജ് പറഞ്ഞു.ബി ജെ പി വോട്ട് മണ്ഡലത്തിൽ അനുകൂലമായിരുന്നു. മാന്യന്മാരെ ബി ജെ പി തിരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ അതെങ്ങനെ വോട്ട് കച്ചവടം ആകുമെന്നും പി സി ജോർജ് ചോദിച്ചു. ഒരു ചായപോലും ഒരു ബി ജെ പിക്കാരനും പൂഞ്ഞാറിൽ വാങ്ങി കൊടുത്തിട്ടില്ല, പിന്തുണയ്ക്കണമെന്ന് മാന്യമായി അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും പി സി ജോർജ് പറഞ്ഞു.