ആശുപത്രിയില്‍ രോഗികള്‍ക്ക് നല്‍കിയിരുന്നത് മോശം ഭക്ഷണം ; കരാറുകാരനെ മന്ത്രി വിളിച്ചു വരുത്തി തല്ലി…!!
അകോല: സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് മോശം ഭക്ഷണം ഉണ്ടാക്കിക്കൊടുത്തതിന് കരാറുകാരന് മന്ത്രിയുടെ തല്ല്. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ അകോലയിലെ മെഡിക്കല്‍ കോളേജില്‍ നല്കിയ ഭക്ഷണത്തിന്റെ പേരില്‍ കരാറുകാരനെ അടിച്ച് വിവാദത്തിലായിരിക്കുന്നത് മന്ത്രി ബച്ചു കാഡുവാണ്. അകോല ജില്ലയുടെ ചുമതല കൂടിയുള്ള ബച്ചു തിങ്കളാഴ്ച അപ്രതീക്ഷിതമായി ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് ഭക്ഷണത്തിന് നിലവാരമില്ലെന്ന് തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സന്ദര്‍ശനം. ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്ന കരാറുകാരനെ വിളിച്ചു വരുത്തിയായിരുന്നു മര്‍ദ്ദനം. ആശുപത്രി സന്ദര്‍ശനത്തിനിടയില്‍ ബച്ചുകാഡു കോവിഡ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്കി വരുന്ന ഭക്ഷണം പരിശോധിച്ചതോടെ കോപാകുലനാകുകയായിരുന്നു. ഉടന്‍ തന്നെ കരാറുകാരനെ വിളിച്ചു വരുത്തി വിശദീകരണം നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ നല്കിയ മറുപടിയില്‍ തൃപ്തനാകാതെയാണ് മന്ത്രി അടിച്ചത്. ഏതാനും നാളായി ആശുപത്രിയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ച് വലിയ പരാതി ഉയര്‍ന്നിരുന്നു.
ഭക്ഷണത്തിന്റെ നിലവാരം മോശമാണെന്ന് നേരത്തേ ഒരു വാര്‍ത്താചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കാഡു സബ് ഡിവിഷണല്‍ ഓഫീസര്‍ക്ക് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വിവരം നല്കാന് ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥന് ഭക്ഷ വസ്തുക്കളുമായി ബന്ധപ്പെട്ട പരിശോധനയും മറ്റും നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.