തന്റെ വരവ് ബിജെപിയുടെ വളര്‍ച്ച കൂട്ടി ; പാലക്കാട് വീടും എംഎല്‍എ ഓഫീസും എടുത്തെന്ന് ശ്രീധരന്
പാലക്കാട്: താന്‍ വന്നതോടെ ബി.ജെ.പിയുടെ വളര്‍ച്ച കൂടിയെന്നും തന്റെ വരവ് മറ്റു മണ്ഡലങ്ങളിലും ബിജെപിയ്ക്ക് സ്വാധീനം കൂട്ടിയെന്നും മെട്രോമാന് ഇ. ശ്രീധരന്. ഇനി പാലക്കാട് തന്നെ ഉണ്ടാകുമെന്നും അവിടെ വീടും എംഎല്‍എ ഓഫീസും എടുത്തെന്നും ജയിച്ചാലും തോറ്റാലും പാലക്കാട് തുടരുമെന്നും ശ്രീധരന് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം.
തന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്ത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയില്‍ തുടരും. എന്നാല്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് അഡ്മിനിസ്ട്രേറ്റീവ് ഗൈഡന്‍സ് നല്‍കും. രാജ്യവും സംസ്ഥാനവും നന്നാവണമെങ്കില്‍ ജനങ്ങള്‍ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നും പറഞ്ഞു.
ബി.ജെ.പിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്. ഇപ്പോള്‍ 35 മുതല്‍ 46 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കും. തൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യത. ആരെയും പിന്തുണക്കില്ലെന്നും ഇ. ശ്രീധരന് പറഞ്ഞു. ബിജെപി ഈ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ ആളാണ ഇ. ശ്രീധരന്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്നാണ് ബിജെപി അദ്ധ്യക്ഷ കെ സുരേന്ദ്രന് പറഞ്ഞത്.