അക്രമം പാര്‍ട്ടിയുടെ വഴിയല്ല; കൂത്തുപറമ്പ് കൊലയ്ക്ക് കാരണം പ്രാദേശിക സംഘര്‍ഷം എ വിജയരാഘവന്
തിരുവനന്തപുരം:കൂത്തുപറമ്പിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ പ്രാദേശിക സംഘർഷമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അക്രമ സംഭവങ്ങളുണ്ടാകരുതെന്ന് പാർട്ടി എല്ലായിടത്തും നിർദേശം നൽകിയിരുന്നു. സംസ്ഥാന വ്യാപകമായി സി.പി.എം പ്രവർത്തകർക്ക് നേരെ ആക്രമണം നടക്കുന്നുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
പാർട്ടി എന്ന നിലയിൽ യാതൊരുതര അക്രമ പ്രവർത്തനത്തിനും സി.പി.എം പിന്തുണ നൽകുന്നില്ല. തെരഞ്ഞെടുപ്പിനിടെ പലയിടത്തും സി.പി.എമ്മിന് നേരെ അക്രമണമുണ്ടായി. സ്ഥാനാര്‍ഥിക്ക് നേരെ വരെ അക്രമമുണ്ടായി.
കൂത്തുപറമ്പിൽ പ്രാദേശികമായി എന്താണ് സംഭവിച്ചത് എന്നറിയില്ല. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും എ വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഒരിക്കലും അക്രമം ഒരു ഘടകമാകരുത്. രാഷ്ട്രീയവും, രാഷ്ട്രീയ സംവാദങ്ങളുമാണ് ചർച്ചയാകേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു.പ്രതിപക്ഷത്തിന് കാര്യമായി രാഷ്ട്രീയ അജണ്ടകളില്ലാതെ അപവാദം മാത്രം പ്രചരിപ്പിച്ച തെരഞ്ഞെടുപ്പല്‍ ഇടതുപക്ഷം വമ്പിച്ച വിജയം നേടും. ചരിത്രത്തിലില്ലാത്ത വിജയം നേടി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നും വിജയരാഘവന് പറഞ്ഞു.